06 June Saturday

കനിവിന്റെ തണലിലേക്ക്‌ ജയനും- സരിതയും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020


കോലഞ്ചേരി
സിപിഐ എം ഐരാപുരം ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനം കൈമാറി. മണ്ണൂരിൽ ചേർന്ന സമ്മേളനത്തിൽ മണ്ണൂർ പൈറ്റുംകാട്ടിൽ ജയൻ-–-സരിത ദമ്പതികൾക്ക് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ് താക്കോൽ കൈമാറി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ്. യുകെജിയിൽ പഠിക്കുന്ന ഇളയകുട്ടി ഭിന്നശേഷിക്കാരിയാണ്. ഇടിഞ്ഞുവീഴാറായ ഒറ്റമുറിവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം അഡ്വ. എം ഹർഷൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി കെ വർഗീസ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, എം പി വർഗീസ്, കെ എച്ച് സുരേഷ്, വി കെ അജിതൻ, വി ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.

കോലഞ്ചേരിയിൽ നിർമിച്ചത്‌ 11 വീട്‌
കോലഞ്ചേരി
മണ്ണൂർ പൈറ്റുംകാട്ടിൽ ജയൻ–-സരിത ദമ്പതികൾക്ക് വീട് നിർമിച്ചുനൽകിയതോടെ കോലഞ്ചേരി ഏരിയയിലെ സിപിഐ എം കനിവ് ഭവന പദ്ധതി പൂർത്തിയായി. ഏരിയയിൽ 11 വീട്‌ നിർമിച്ച്‌ ജില്ലയിൽ പദ്ധതി പൂർത്തിയാക്കുന്ന ആദ്യ കമ്മിറ്റിയെന്ന നേട്ടം കോലഞ്ചേരി കൈവരിച്ചു. ഐരാപുരം ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ് നിർവഹിച്ചു.

ഒരു ലോക്കൽ കമ്മിറ്റിയിൽ ഒരു വീട് നിർമിച്ചുനൽകണമെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്‌തിരുന്നു. തുടർന്ന് ഏരിയയിലെ പത്ത് ലോക്കൽ കമ്മിറ്റികളിലായി മനോഹരമായ 11 വീടുകൾ പൂർത്തിയാക്കി. കിഴക്കമ്പലത്ത് രണ്ട് വീട്‌ നിർമിച്ചു. സ്വന്തമായി വീടെന്നത് സ്വപ്‌നം മാത്രമായിരുന്ന കുടുംബങ്ങൾക്കാണ് പാർടി കൈത്താങ്ങായത്. തിരുവാണിയൂർ ലോക്കൽ കമ്മിറ്റിയിൽ തൈക്കടപ്പറമ്പിൽ ടി ഒ തങ്കപ്പൻ, കുന്നത്തുനാട് പിണർമുണ്ട പള്ളിമോളത്ത് കാർത്യായനി, കിഴക്കമ്പലത്ത് ചേലക്കുളം പുത്തൻപുരയിൽ ആസിയ, മലയിടംതുരുത്ത് താണ്ടികമുകൾ സുകു, പട്ടിമറ്റത്ത് ചെങ്ങര കണിച്ചേരിൽ മനോജ്, വെണ്ണിക്കുളത്ത് കൊച്ചുമോളത്ത് സുജാത, മഴുവന്നൂരിൽ വലമ്പൂർ വളരുകാട്ടിൽ ഉഷ, ഓമന, ഐക്കരനാട് പാങ്കോട് മണിയാട്ടുശേരി ഷീല, കോലഞ്ചേരിയിൽ വടയമ്പാടി വട്ടപ്പറമ്പിൽ കൃഷ്ണൻ, പുത്തൻകുരിശ് കാണിനാട് തൂവനാട്ട് വിജയൻ എന്നിവരാണ് അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറിയത്. ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകരുടെ കഠിന ശ്രമവും സുമനസ്സുകളുടെ സഹായവുംകൊണ്ടാണ് കനിവ് ഭവന പദ്ധതി സമയത്തുതന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് ഏരിയ സെക്രട്ടറി സി കെ വർഗീസ് പറഞ്ഞു. എല്ലാവർക്കും പാർപ്പിടം ഉറപ്പുവരുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയോടുള്ള ഐക്യദാർഢ്യംകൂടിയായി കനിവ് ഭവന പദ്ധതി മാറിയെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top