29 February Saturday

കെഎസ്‌കെടിയു ജില്ലാ സമ്മേളന സമാപന റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

തൃപ്പൂണിത്തുറ > പൊക്കാളി കൃഷിയുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  26ന് മനുഷ്യമഹാശൃംഖലയിൽ അണിചേരണമെന്നും സമ്മേളനം അഭ്യർഥിച്ചു.  ബിപിസിഎൽ പൊതുമേഖലയിൽ നിലനിർത്തുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക, പാടശേഖരങ്ങൾ മുഴുവൻ തരിശ് ഒഴിവാക്കി നെൽകൃഷി വ്യാപകമാക്കുക, ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനുള്ള സംയോജിത കൃഷി ശക്തിപ്പെടുത്തുക, പൊരുതുന്ന ജെഎൻയുവിനെ തകർക്കാനുള്ള നീക്കത്തിനെതിരെ അണിനിരക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പൊതുചർച്ചയിൽ 20 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 14 വനിതകൾ ഉൾപ്പെടെ 37 പേർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ മറുപടി പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും കണക്കും സമ്മേളനം അംഗീകരിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ, വൈസ് പ്രസിഡന്റുമാരായ സി ടി കൃഷ്ണൻ, എ ഡി കുഞ്ഞച്ചൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം എം പി പത്രോസ് എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ്, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പദാസ് എന്നിവർ സംസാരിച്ചു.

ക്രഡൻഷ്യൽ റിപ്പോർട്ട് പി കെ സുബ്രമണ്യവും ഭാവി പ്രവർത്തന പരിപാടി ജില്ലാ സെക്രട്ടറി സി ബി ദേവദർശനനും അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ യു കെ പീതാംബരൻ നന്ദി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചിന് ഇരുമ്പനത്ത്‌ സമ്മേളന സമാപന റാലിയും പൊതുസമ്മേളനവും നടക്കും. മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. സി എൻ മോഹനൻ, എം സ്വരാജ് എംഎൽഎ എന്നിവർ സംസാരിക്കും.

എം കെ േമാഹനൻ പ്രസിഡന്റ്‌ സി ബി ദേവദർശനൻ സെക്രട്ടറി

തൃപ്പൂണിത്തുറ > കെഎസ‌്‌‌കെടിയു ജില്ലാ പ്രസിഡന്റായി എം കെ മോഹനനെയും സെക്രട്ടറിയായി സി ബി ദേവദർശനനെയും ഇരുമ്പനത്തു നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി കെ വത്സൻ, ടി എൻ മോഹനൻ, അസീസ് റാവുത്തർ, കെ ഇന്ദിര (വൈസ് പ്രസിഡന്റുമാർ), ടി ഐ ശശി, കെ പി അശോകൻ, പി കെ സുബ്രമണ്യൻ, എൻ എസ് സജീവൻ (ജോയിന്റ് സെക്രട്ടറിമാർ), വി എം ശശി (ട്രഷറർ). ഇ എം സലിം, സി എൻ പ്രഭകുമാർ, പി എം മനാഫ്, ജിഷ ശ്യാം എന്നിവർ എക്സിക്യൂട്ടീവംഗങ്ങളായി 61 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 


പ്രധാന വാർത്തകൾ
 Top