23 January Wednesday

തിരുവാഭരണയാത്ര: സുരേഷ്ഗോപിക്കും പ്രയാറിനും ശശികലയ്ക്കും വേണ്ടി ക്ഷേത്രവഴിയിൽ വൈകിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

പന്തളം > പതിവിന് വിപരീതമായി പന്തളം വിലിയകോയിക്കൽ ക്ഷേത്രവഴിയിൽ തിരുവാഭരണങ്ങളെ സ്വീകരിക്കുന്നതിന് പ്രമുഖർക്ക് അവസരം നൽകിയത് തിരുവാഭരണയാത്രയെ ഏഴ് മിനിട്ട് വൈകിച്ചു. സുരേഷ്ഗോപി എംപിക്കും കെപി ശശികലയ്ക്കും പ്രയാർഗോപാലകൃഷ്ണനും വേണ്ടിയാണ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ പുറപ്പെട്ട ശേഷം ക്ഷേത്രത്തിന് മുമ്പിൽ പ്രദക്ഷിണവഴി തുടങ്ങുന്നിടത്ത് സ്വീകരണത്തിന് അവസരം നൽകിയത്.

സാധാരണ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണയാത്ര പുറപ്പെട്ടാൽ വഴിയിൽ ഇറുപുറങ്ങളിലും നിൽക്കുന്നവർ എത്ര പ്രമുഖരാണെങ്കിലും പുഷ്പങ്ങൾ ഇടുകമാത്രമാണ് ചെയ്യുന്നത്. ചിലർ പുഷ്പങ്ങളും മാലകളും പെട്ടികളിലേക്ക് എറിയും. തിരുവാഭരണ യാത്ര വഴിയിൽതടഞ്ഞ് സ്വീകരിക്കുന്നതിന് മുൻവർഷങ്ങളിൽ അവസരം ഒരുക്കിയിരുന്നില്ല.

ചിറ്റയം ഗോപകുമാർ എംഎൽയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത‌്മകുമാറും അടക്കമുള്ള പ്രമുഖർ യാത്ര പുറപ്പെടും മുമ്പ് ക്ഷേത്രത്തിനുള്ളിൽ സ്വീകരണം നൽകുകയായിരുന്നു. എന്നാൽ ഇക്കുറി നേരത്തെ തന്നെ സുരേഷ്ഗോപി എംപിയും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും, മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ക്ഷേത്രത്തിന് പുറത്ത് ടിവി ക്യാമറകൾക്ക് രംഗം പകർത്തുന്നതിനുള്ള സൗകര്യവും നോക്കി വഴിയിൽ സ്വീകരിക്കാൻ പന്തളം കൊട്ടാരവും ക്ഷേത്രോപദേശകസമിതിയും അവസരം നൽകിയത്.

ഇത് പൊലീസ് തടയാതിരിക്കാനായി പൊലീസ് ചീഫ് ടി നാരായണനും കലക്ടർ പി ബി നൂഹിനും  സ്വീകരണത്തിനു മാല നൽകി. എന്നാൽ ഇവിടെ സ്വീകരണത്തിരക്കിൽപ്പെട്ട‌് പ്രധാന തിരുവാഭരണപ്പെട്ടി ഏഴ് മിനിട്ട് പോകാനാകാതെ കറങ്ങി നിന്നത്  ആദ്യസംഭവമായി.

പ്രധാനപെട്ടി വൈകിയപ്പോൾ മറ്റ് പെട്ടികളും ക്ഷേത്രത്തിൽ നിന്ന് പുറത്ത് എത്താൻ വൈകി. പ്രമുഖർക്ക് പുറത്ത് സ്വീകരിക്കുന്നതിന് അനവസരത്തിൽ അവസരം നൽകിയതാണ് വൈകാൻ കാരണമായതെന്ന് തീർഥാടകർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top