Deshabhimani

വൈക്കം പെരിയാർ സ്‌മാരകം ഉദ്‌ഘാടനം ഇന്ന്‌ ; കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കും

വെബ് ഡെസ്ക്

Published on Dec 11, 2024, 11:50 PM | 0 min read



കോട്ടയം
വൈക്കത്ത്‌ പുതിയ ചരിത്രമെഴുതി തന്തൈപെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും ഇന്ന്‌ രാവിലെ 10ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉദ്ഘാടനം ചെയ്യും. മുഖ്യന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. രാവിലെ 9.30ന്‌ വലിയകവലയിലെ തന്തൈപെരിയാർ സ്‌മാരകത്തിൽ മുഖ്യമന്ത്രിമാർ പുഷ്‌പാർച്ചന നടത്തും. തമിഴ്‌നാട്, കേരള സർക്കാരുകൾ ചേർന്ന്‌ വൈക്കം ബീച്ച്‌ മൈതാനത്തെത്താണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. തമിഴ്‌നാടിന്റെ നേതൃത്വത്തിലുള്ള വൈക്കം സത്യഗ്രഹ ശതാബ്ദി വാർഷികാചരണത്തിന്റെ ഔദ്യോഗിക സമാപനവുംകൂടിയാണിത്‌.

ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി വിശിഷ്‌ടാതിഥിയാകും. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട്‌ മന്ത്രിമാരായ ദുരൈമുരുകൻ, എ വി വേലു, എം പി സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

വൈക്കം സത്യഗ്രഹത്തിൽ തന്തൈപെരിയാർ എന്ന ഇ വി രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെയും ഓർമകളുണർത്തുന്ന സ്‌മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ്‌ തമിഴ്‌നാട്‌ സർക്കാർ നവീകരിച്ചത്‌.
 

സ്‌റ്റാലിൻ കുമരകത്ത്‌
വൈക്കത്ത്‌ തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും ഉദ്‌ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനെ കുമരകത്ത്‌ സ്വീകരിച്ചു. കുമരകം ലേക്‌ റിസോർട്ടിലെത്തിയ അദ്ദേഹത്തെ കലക്ടർ ജോൺ വി സാമുവൽ "എ ക്രൈ ഇൻ ദ വിൽഡർനെസ്‌: ദ വർക്സ്‌ ഓഫ്‌ നാരായണ ഗുരു' എന്ന പുസ്തകം നൽകിയാണ്‌ സ്വീകരിച്ചത്‌. വിവിധ ഭാഷകളിലുള്ള ഗുരുശ്ലോകങ്ങളുടെ സമ്പൂർണ ഇംഗ്ലീഷ്‌ പരിഭാഷയാണിത്‌. സ്റ്റാലിൻ കേരള പൊലീസിന്റെ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ചു. തമിഴ്‌നാട് മന്ത്രിമാരായ എ വി വേലു, ദുരൈ മുരുകൻ, എം പി സാമിനാഥൻ എന്നിവരും സ്റ്റാലിനൊപ്പമുണ്ട്. കുമരകത്തെത്തിയ അദ്ദേഹം മറ്റു മന്ത്രിക്കാർക്കൊപ്പം കായലിലൂടെ ഹൗസ്‌ ബോട്ടിൽ യാത്രചെയ്തു. കായൽയാത്ര ഒരു മണിക്കൂറോളം നീണ്ടു.



deshabhimani section

Related News

0 comments
Sort by

Home