Deshabhimani

വ്യവസായവകുപ്പിന്റെ ഭൂമി പൂര്‍ണമായും 
ഉപയോഗപ്പെടുത്തും: മന്ത്രി പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:59 AM | 0 min read


കൊച്ചി
സംസ്ഥാന വ്യവസായ വകുപ്പിന്റെ വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി പൂർണമായി ഉപയോ​ഗപ്പെടുത്തുമെന്നും ഒരു തുണ്ട് ഭൂമിപോലും വെറുതെ കിടക്കാതിരിക്കാൻ ഉദ്യോ​ഗസ്ഥർ ശ്രദ്ധിക്കണമെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പരിപാടിയുടെ അവലോകനവും തുസംരംഭങ്ങളുടെ എണ്ണം മൂന്നുലക്ഷം കടന്നതിന്റെ ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പിഎംഎഫ്എംഇ (പ്രധാൻ മന്ത്രി ഫോർമലൈസേഷൻ ഓഫ്‌ മൈക്രോ ഫുഡ്‌ പ്രോസസിങ്‌ എന്റർപ്രൈസസ്‌) വെബ്സൈറ്റും മന്ത്രി പുറത്തിറക്കി.  കേരളം 32 മാസം കൊണ്ടാണ് 3,25,271 പുതിയ സംരംഭങ്ങൾ എന്ന നേട്ടം  കൈവരിച്ചത്. ഇതിലൂടെ 20,824.09 കോടി നിക്ഷേപമെത്തി. 6,89,840 തൊഴിലവസരം സൃഷ്ടിച്ചു. ഇതൊരു ചരിത്രനേട്ടമാണ്.

സംരംഭങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയും നിക്ഷേപത്തിൽ എറണാകുളവും ഒന്നാമതെത്തി. പുതിയ സംരംഭകരിൽ 1,03,988 പേർ വനിതകളാണ്. ഇവരെ ആദരിക്കാൻ ജനുവരിയിൽ കൊച്ചിയിൽ വനിതാ സംരംഭക സം​ഗമം സംഘടിപ്പിക്കും. വ്യവസായ സൗഹൃദത്തിൽ ഒന്നാംസ്ഥാനമടക്കം ദേശീയതലത്തിലും സംസ്ഥാനതലത്തിലും വ്യവസായ വകുപ്പിന്റെ നേട്ടങ്ങളും നിയമഭേദഗതികളും ജനങ്ങളിലേക്കും സംരംഭകരിലേക്കുമെത്തിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടിറങ്ങണം. ജനുവരിയിൽ നടക്കുന്ന കേരള ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ചരിത്ര സംഭവമാകുമെന്നും ഉദ്യോ​ഗസ്ഥരും പൊതുജനങ്ങളും സംരംഭകരും ഇതിന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ ജി രാജീവ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്‌ എ നിസാറുദ്ദീൻ, സിഐഐ മുൻ ചെയർമാൻ ശിവദാസ് ബി മേനോൻ, ഫിക്കി പ്രതിനിധി യു സി റിയാസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home