06 December Friday

മൊബൈൽ പാലം സേനയ്ക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കഞ്ചിക്കോട്‌-
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ (ഭാരത്‌ എർത്ത്‌ മൂവേഴ്സ്‌  ലിമിറ്റഡ്‌ (ബെമൽ) നിർമിച്ച ‘സർവത്ര’  മൊബൈൽ പാലം ഇന്ത്യൻ സൈന്യത്തിന്‌ കൈമാറി. ഇന്ത്യയിൽ ആദ്യമായാണ്‌ ഏത്‌ പ്രദേശത്തും നിമിഷനേരത്തിൽ ഉപയോഗിക്കാൻ പര്യാപ്‌തമായ ചുരുക്കി കൊണ്ടുപോകാൻ കഴിയുന്ന പാലം നിർമിക്കുന്നത്‌. ഇതുവരെ വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌താണ്‌ ഇന്ത്യൻ സൈന്യം പാലം ഉപയോഗിച്ചിരുന്നത്‌. യുദ്ധഭൂമിയിലും പ്രളയത്തിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പൂർണമായും ഇരുമ്പിൽ ഉണ്ടാക്കിയ പാലം രണ്ട്‌ വർഷംമുമ്പാണ്‌ ബെമൽ നിർമിച്ചത്‌. ഇതിന്റെ അനുമതിക്കായി കാത്തിരിക്കുകയായി
രുന്നു.

കഞ്ചിക്കോട്‌ യൂണിറ്റ്‌ നിർമിച്ച പാലം ടട്രാ ട്രക്‌സിന്റെ സഹായത്തോടെയാണ്‌ യുദ്ധമേഖലയിലും അടിന്തരഘട്ടങ്ങളിലേക്കും അയക്കുക. ടട്രാ ട്രക്‌സും ബെമലിൽതന്നെ നിർമിച്ചതാണ്‌.

ഇരുവശത്തും ഉപയോഗിക്കാവുന്ന ഹൈഡ്രോളിക്‌സ്‌ സംവിധാനമാണ്‌ ‘സർവത്ര’യുടെ പ്രത്യേകത. ട്രക്കുകൾ, ടാങ്കുകൾ, സൈനിക വാഹനങ്ങൾ എന്നിവയടക്കം 65 ടൺവരെ ഭാരം വഹിക്കാൻ "സർവത്ര’യ്‌ക്ക്‌ കഴിയും.

75 മീറ്റർ നീളമുള്ള പാലം ആവശ്യമെങ്കിൽ കൂടുതൽ നീട്ടാനുമാകും. കഴിഞ്ഞ വർഷമാണ്‌ പരിശീലനം പൂർത്തിയാക്കിയത്‌. കഞ്ചിക്കോട്ട്‌ നടന്ന ചടങ്ങിൽ മേജർ ജനറൽ എസ്‌ രാധാകൃഷ്ണന്‌ ബെമൽ ഡിഫൻസ് ബിസിനസ് ഡയറക്ടർ ആർ എച്ച്‌ മുരളീധര താക്കോൽ കൈമാറി. കൂട്ടായ പ്രവർത്തനത്തിലൂടെ അടുത്ത രണ്ടുവർഷത്തിനുള്ളിൽ 22 സർവത്ര പാലങ്ങൾ നിർമിക്കുമെന്ന് ആർ എച്ച്‌ മുരളീധര പറഞ്ഞു.


പ്രധാന വാർത്തകൾ
 Top