05 December Thursday

അങ്കണവാടിയിലും യൂണിഫോം; ജീവനക്കാർക്ക്‌ കോട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


അങ്കണവാടികളിലെ കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ പറഞ്ഞു.  പദ്ധതി തയ്യാറാക്കി ധനവകുപ്പിന് നൽകി. പണം  കിട്ടുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.

അങ്കണവാടി ജീവനക്കാർക്ക്‌ സർക്കാർ അടുത്തവർഷം സാരിക്കുപകരം ഓവർ കോട്ട്‌ നൽകും.  വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിന്റെ കാലാവധി അഞ്ചിൽനിന്ന് മൂന്ന് വർഷമായി കുറയ്ക്കുന്നതിനുള്ള  ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

വർക്കർ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയായും ഹെൽപ്പർമാരുടേത് 500ൽനിന്ന് 1200 ആയും വർധിപ്പിക്കും. അങ്കണവാടികളെ സ്കൂളുകളുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ആവശ്യമായ പരിഷ്കാരംൾ നടപ്പാക്കും. 200 സ്മാർട്ട് അങ്കണവാടികൾ സജ്ജമാക്കാൻ വേണ്ട ഫണ്ട് കൊടുത്തുകഴിഞ്ഞു. 10 സെന്റിലും അഞ്ച് സെന്റിലും സ്ഥാപിക്കേണ്ട അങ്കണവാടികളുടെ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഒന്നര സെന്റിൽ സ്ഥാപിക്കേണ്ടിവരും.

എൽഡിഎഫ്‌ അധികാരത്തിലേറുമ്പോൾ ആകെയുള്ള 33,315 അങ്കണവാടികളിൽ 9,900 എണ്ണത്തിനും സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. 2000 അങ്കണവാടിക്ക്‌ കെട്ടിടമുണ്ടാക്കാൻ പദ്ധതി തയ്യാറാക്കി. 865 എണ്ണത്തിന് സ്ഥലം കിട്ടി. സ്ഥലം ലഭ്യമാക്കുന്ന കാര്യത്തിൽ എംഎൽഎമാരുടെ സഹകരണം കൂടി ഉണ്ടാവണമെന്നും മന്ത്രി അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top