Deshabhimani

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവിക്കായി കൂട്ടായി ശ്രമിക്കും : മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:55 AM | 0 min read



തിരുവനന്തപുരം
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ ശുപാർയുണ്ടായിട്ടും കേന്ദ്രം ഇത്‌ അനുവദിക്കുന്നില്ല. ഇത്‌ നേടിയെടുക്കാൻ എംപിമാർ കൂട്ടായി പരിശ്രമിക്കണമെന്ന്‌ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

മലബാർ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രയ്‌ക്കും ചരക്കുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ്‌ കണ്ണൂരിൽ വിമാനത്താവളം ഒരുക്കിയത്‌. ‘പോയിൻറ് ഓഫ് കോൾ' പദവി ലഭിക്കാത്തത് വിമാനത്താവളത്തിന്റെ വളർച്ചയെയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെയും ബാധിക്കുന്നുണ്ട്. പദവി ലഭിച്ചാലേ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽനിന്നും സർവീസ്‌ നടത്താനാകൂ. നിലവിൽ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികൾക്കു മാത്രമാണ് അനുമതി. ഇവയ്‌ക്ക്‌ ആവശ്യാനുസരണം സർവീസ് അനുമതിയുമില്ല.  കൂടുതൽ വിമാനസർവീസുകൾക്ക് അവസരമുണ്ടായാൽ വിമാനത്താവളത്തിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനുമാകും.

ഈ സാമ്പത്തിക വർഷം 1.5 മില്യൺ യാത്രക്കാരും 180 കോടി ടേണോവറുമെന്ന അപൂർവ്വനേട്ടം കൈവരിച്ച് ബ്രേക്ക് ഈവൻ പോയിൻറ് കടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത്‌."പോയിൻറ് ഓഫ് കോൾ' പദവി കൂടി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്‌ വൻ കുതിച്ചുചാട്ടം നടത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home