24 November Tuesday

കെപിസിസി പുന:സംഘടന : ദല്ലാളും ജ്യോത്സ്യന്റെ മരുമകനും ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


തിരുവനന്തപുരം
മുതിർന്ന നേതാവ്‌ എ കെ ആന്റണിയുടെ മകന്റെ വിവാഹദല്ലാളിനെയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ കുടുംബ ജ്യോത്സ്യന്റെ മരുമകനെയും കെപിസിസി ഭാരവാഹിയാക്കിയതായി പരാതി. ഇത്‌ കോൺഗ്രസിൽ പുതിയ വിവാദത്തിനും വഴി തുറന്നു.  എ കെ ആന്റണിയ്‌ക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെ ഹൈക്കമാന്റിനാണ്‌ പ്രവർത്തകർ പരാതി നൽകിയത്‌.

തീർന്നില്ല സ്‌പിരിറ്റ്‌ ലോറിക്ക്‌ അകമ്പടി പോയയാളും തട്ടിപ്പുകേസിലെ പ്രതിയും കോൺഗ്രസ്‌ നേതാവിന്റെ രണ്ട്‌ ലക്ഷം മോഷ്ടിച്ച കേസിൽ പിടിക്കപ്പെട്ടയാളും ഭാരവാഹി പട്ടികയിൽ നുഴഞ്ഞുകയറിയതായി പരാതിയിൽ പറയുന്നു. മുൻ മന്ത്രിയുടെ അവിഹിത സ്വത്ത്‌ വെളിപ്പെടുത്താൻ നിന്ന യുവനേതാവിനും കെപിസിസി പ്രസിഡന്റിന്‌ 25 ലക്ഷം രൂപ കൈക്കൂലി നൽകിയ പ്രവാസിക്കും കിട്ടി കെപിസിസി സെക്രട്ടറി സ്ഥാനം‌. ഇന്ദിരാഭവനിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകാനാണ്‌ തുക വാങ്ങിയതെന്നാണ്‌  മറ്റൊരു ജനറൽ സെക്രട്ടറിയുടെ വിശദീകരണം.


 

ചെന്നിത്തലയുടെ ജ്യോത്സ്യന്റെ മരുമകൻ മാസങ്ങൾമുമ്പാണ്‌ കോൺഗ്രസിൽ അംഗത്വം എടുത്തത്‌. പ്രതിപക്ഷ നേതാവിന്റെ ദൈനംദിന കാര്യങ്ങളിൽവരെ ഉപദേശം നൽകുന്നത്‌ തിരുവനന്തപുരം സ്വദേശിയായ ഈ ജ്യോത്സ്യനാണെന്നാണ്‌ പറയുന്നത്‌‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ നാലാംസ്ഥാനത്ത്‌ പോയ മറ്റൊരാളും ജനറൽ സെക്രട്ടറിസ്ഥാനത്തുണ്ട്‌. കാസർകോട്ടുനിന്ന്‌ ഭാരവാഹിയായ നേതാവിന്റെ കൈയിൽനിന്ന്‌‌ രണ്ട്‌ ലക്ഷം രൂപ മോഷ്ടച്ച കേസിലെ പ്രതിയും അതേ നേതാവിനൊപ്പം ഭാരവാഹിയായി. മൊബൈൽ ഫോൺ, വീടിന്റെ കട്ടളവരെയും അടിച്ചുമാറ്റി കുപ്രസിദ്ധി നേടിയ മഹാന്മാരും പട്ടികയിൽ മുമ്പിൽത്തന്നെയുണ്ടെന്നും പരാതിയിൽ പറയുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top