28 November Saturday

ഡിവൈഎഫ്ഐ സമരോർജത്തിന്റെ പ്രതീകം , കൊലപാതക രാഷ്ട്രീയത്തിനെതിരെ കാഹളമുയരണം : എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


ഡിവൈഎഫ്ഐ എന്നും സമരോർജത്തിന്റെ പ്രതീകമാണെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ. കേരളത്തിന്റെ സമരകാഹളമായി അവരുടെ ശബ്ദം ഒരിക്കൽക്കൂടി മുഴങ്ങുകയാണ്. കോവിഡ് കാലത്തെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണതെന്നും ഡിവൈഎഫ്‌ഐയുടെ  ‘കൊല അരുത് ‌’ ക്യാമ്പയിനെ പിന്തുണച്ച്‌ അദ്ദേഹം പറഞ്ഞു.

കോവിഡ് ഉയർത്തുന്ന ആശങ്കയിലും ഭയത്തിലും നാട്‌ ശ്വാസംമുട്ടുകയാണ്. മികച്ച പ്രവർത്തനത്തിലൂടെ ലോക ശ്രദ്ധയാകർഷിച്ച സർക്കാരിനൊപ്പം നിന്ന്‌ നാമെല്ലാവരും കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകണം. എന്നാൽ, ചിലർ  രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബോധപൂർവം ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. സമൂഹത്തിലെ സമാധാനം തകർക്കാനാണ് ശ്രമം.  

മഹാമാരി മൂർച്ഛിച്ചുവരുന്ന അവസരത്തിൽ നാല് കൊലപാതകങ്ങളാണ്‌ അവർ നടത്തിയത്. ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ട സനൂപ് എന്ന യുവനേതാവ്‌ പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു പാവം കുടുംബത്തിന്റെ  നെടുംതൂണായിരുന്നു. അടുത്ത ദിവസം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണത്തിനുള്ള പൊതിച്ചോർ ഏർപ്പാടാക്കി മടങ്ങുമ്പോഴാണ് യുവാവിന്റെ നെഞ്ചിൽ കൊലക്കത്തി ആഴ്ന്നിറങ്ങിയത്. പൊതിച്ചോറ് തയ്യാറായി. വിളമ്പാൻ സനൂപുണ്ടായില്ല. സനൂപ്‌ വധത്തിലൂടെ സമൂഹത്തിലെ നന്മയും കാരുണ്യവും ഊതിക്കെടുത്താനാണ് കൊലയാളികൾ ശ്രമിച്ചത്‌. പക്ഷെ, ഒരു പോരാളിയെ ഇല്ലായ്മ ചെയ്യുമ്പോൾ നൂറ് പുതിയ പോരാളികൾ ഉയർത്തെഴുന്നേൽക്കും.

അഞ്ചുദിവസം കഴിഞ്ഞ് ഒക്ടോബർ 10ന്‌ വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ‘ലോക ഭക്ഷ്യ പദ്ധതിയ്ക്ക് ' (ഡബ്ല്യുഎഫ്‌പി) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. വിശക്കുന്നവന്‌ ഭക്ഷണപ്പൊതിയുമായെത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടേത്‌‌ മഹനീയമായ  പ്രവർത്തനമാണ്.  സമാധാനം ആഗ്രഹിക്കുന്നവരാണ് നമ്മൾ. കൊലപാതകം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന മാനവികതയിലൂന്നിയ സന്ദേശം പ്രചരിപ്പിക്കുന്ന  ഡിവൈഎഫ്ഐയെ അനുമോദിക്കുന്നു. സംരംഭത്തിന് വിജയമാശംസിക്കുന്നു–- മുകുന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top