24 November Tuesday

ബിഎസ്‌സി നേഴ്‌സിങ്ങിന്‌ 1000 അധിക സീറ്റ്‌ ; പുതിയ കോളേജുകൾക്ക്‌ അപേക്ഷ ക്ഷണിച്ചു

എം വി പ്രദീപ്‌Updated: Monday Oct 12, 2020



2021ൽ സംസ്ഥാനത്ത്‌ നേഴ്‌സിങ്‌ ബിരുദ സീറ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കും. കുറഞ്ഞത്‌ 1000  ബിഎസ്‌സി നേഴ്‌സിങ്‌ സീറ്റെങ്കിലും അനുവദിക്കും. ഇതിനായി പുതിയ നേഴ്‌സിങ്‌ കോളേജുകൾക്ക്‌ ആരോഗ്യ സർവകലാശാല അപേക്ഷ ക്ഷണിച്ചു.

സർക്കാർ, എയ്‌ഡഡ്‌, സഹകരണം, സ്വാശ്രയ മേഖലകളിലാകും‌ പുതിയ കോളേജുകൾ‌. ഡിസംബർവരെയാണ്‌ അപേക്ഷാ സമയം. 2021 മുതൽ നേഴ്‌സിങ്‌ ഡിപ്ലോമ കോഴ്‌സുകൾ തുടരേണ്ടതില്ലെന്നാണ്‌‌ കേന്ദ്ര സർക്കാർ തീരുമാനം‌. അങ്ങനെ വന്നാൽ സംസ്ഥാനത്ത്‌ സർക്കാർ മേഖലയിൽ നിലവിലുള്ള മുഴുവൻ ജനറൽ നേഴ്‌സിങ്‌ സീറ്റുകളും ബിഎസ്‌സി സീറ്റുകളാക്കും. ജില്ലാ ആശുപത്രികളെല്ലാം ഹൈടെക്‌ ആയി മാറിയതിനാൽ ബിരുദ നേഴ്‌സിങ്‌ കോഴ്‌സുകൾ നടത്തുന്നതിന്‌ തടസ്സമുണ്ടാകില്ല. ഇതിന്‌ പുറമെയാണ്‌ 1000 സീറ്റുകൂടി അനുവദിക്കുക‌‌. നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ആശുപത്രിയോടനുബന്ധിച്ചും നേഴ്‌സിങ്‌ സ്‌കൂളുകളുണ്ട്‌. ഇവ നേഴ്‌സിങ്‌ കോളേജുകളാക്കാനുള്ള സാധ്യത പരിശോധിക്കും‌.

വിദേശത്ത്‌ ജോലിക്കാണോ ‘ഫിനിഷിങ്‌ സ്‌കൂളിൽ’ ചേരാം
ബിഎസ്‌സി നഴ്‌സിങ്‌ ബിരുദ കോഴ്‌സ്‌ പൂർത്തിയാക്കിയവർക്ക്‌ വിദേശപഠനത്തിന്‌ ആവശ്യമായ പ്രായോഗിക പരിശീലനത്തിന്‌ ആരോഗ്യ സർവകലാശാല ഫിനിഷിങ്‌ സ്‌കൂളുകൾ തുടങ്ങും. മൂന്ന്‌ മാസംമുതൽ ആറുമാസംവരെയുള്ള സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളാണ്‌ ആരംഭിക്കുകയെന്ന്‌ വൈസ്‌ ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. രോഗികളുമായി ഇടപഴകുന്നതിൽ ഓരോ രാജ്യത്തും ഓരോ പെരുമാറ്റ രീതികളാണ്‌‌. ഈ കീഴ്‌വഴക്കങ്ങൾകൂടി പഠിച്ച്‌ വിദേശത്തേക്ക്‌ പോയാൽ തൊഴിലിടങ്ങളിൽ വേഗത്തിൽ ശോഭിക്കാനാകും. 

ചില സ്വകാര്യ ഏജൻസികൾ ലക്ഷത്തോളം രൂപ വാങ്ങിയാണ്‌ പരിശീലനം നൽകുന്നത്‌‌‌. ഈ തട്ടിപ്പിന്‌ കേരളീയർ ഇരയാകാതിരിക്കാനുംകൂടിയാണ്‌ ഫിനിഷിങ്‌ സ്‌കൂളുകൾ തുടങ്ങുന്നതെന്ന്‌ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

സ്‌റ്റൈപെൻഡ്‌ 16680 രൂപ
സർക്കാർ മെഡിക്കൽ കോളേജുകളിൽ  നിർബന്ധിത നേഴ്‌സിങ്‌ സേവനം അനുഷ്‌ഠിക്കുന്ന ബിഎസ്‌സി നേഴ്‌സിങ്‌ ബിരുദധാരികളുടെ സ്‌റ്റൈപെൻഡ് വർധിപ്പിച്ചു. 13,900 രൂപയായിരുന്നത്‌ 16680 രൂപയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top