21 February Thursday

അടിയന്തര ധനസഹായവിതരണം അന്തിമഘട്ടത്തില്‍: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

കാക്കനാട് > പ്രളയ ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായവിതരണം അന്തിമഘട്ടത്തിലാണെന്ന‌് കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.  ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് കലക്ട്രേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയിൽ ധനസഹായവിതരണം 90 ശതമാനം പൂർത്തിയായി.  ആകെ ദുരിതബാധിത കുടുംബങ്ങളുടെ എണ്ണം 1,68,298 ആണ്.  ഇതിൽ 1,50,852 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ധനസഹായമെത്തിച്ചു.  ആലുവ താലൂക്കിൽ 31,599, കണയന്നൂർ 18,637, കൊച്ചി 3,475, കോതമംഗലം 2,036, കുന്നത്തുനാട് 9,712, മൂവാറ്റുപുഴ 8,411, പറവൂർ 76,982 വീതം പേർക്കാണ് ധനസഹായം നൽകിയത്.  ശേഷിക്കുന്ന 17,446 പേരുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. 

ദുരിതബാധിതർക്ക് അടിയന്തരധനസഹായം നൽകിയതിന്റെ വിശദവിവരം ernakulam.gov.in എന്ന വെബ‌് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ  കലക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ഇതിന്റെ ലിങ്ക് നൽകിയിട്ടുണ്ട്.  രക്ഷാപ്രവർത്തനവും ദുരിതാശ്വാസനടപടികളും സംബന്ധിച്ച് ആവശ്യങ്ങളറിയിക്കാനും പരാതിപ്പെടാനും നിരവധിപേരാണ് ദിവസവും ഫേസ് ബുക്ക് പേജ് സന്ദർശിക്കുന്നത്.  കിറ്റുവിതരണവും ധനസഹായവിതരണവും സംബന്ധിച്ച വിവരങ്ങൾ താലൂക്ക് തലത്തിലോ വില്ലേജ് തലത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലോ അറിയാൻ ഈ ലിങ്ക് ഉപയോഗിക്കാം.  താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേകമായും ജില്ലാടിസ്ഥാനത്തിൽ മൊത്തമായും നടത്തിയ വിതരണ വിവരം ലഭ്യമാണ്.  ആഗസ്റ്റ് 15 മുതൽ 19 വരെയാണ് പ്രളയം ജില്ലയിൽ കനത്ത നാശം വിതച്ചത്.  ശേഷമുള്ള 20 ദിവസത്തിനകം ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് കൈക്കൊണ്ട നടപടികൾ  ഇതിൽ വിശദമാക്കിയിട്ടുണ്ട‌്.  അനർഹർ ഉൾപ്പെടുകയോ അർഹർ വിട്ടുപോവുകയോ  ചെയ്തിട്ടുണ്ടെങ്കിലും കലക്ടറുടെ ഫേസ് ബുക്ക് പേജിൽ പരാതിപ്പെടാം.

ഇതിനോടകം 97 പരാതികൾ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ കബളിപ്പിച്ചതാണെങ്കിൽ വീട്ടുടമയ്ക്ക് നോട്ടീസ് നൽകും.  പണം സർക്കാരിലേക്ക് തിരിച്ചടച്ചില്ലെങ്കിൽ ജപ‌്തി നടപടി സ്വീകരിക്കും.  ഉദ്യോഗസ്ഥരുടെ പക്ഷത്താണ് തെറ്റെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും. പലരും അടിയന്തരധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.  ഇവരെ അഭിനന്ദിക്കുന്നു.
പ്രളയംമൂലമുണ്ടായ  മാലിന്യങ്ങൾ  സെപ‌്തംബർ പതിനഞ്ചോടെ പൂർണമായും നിർമാർജനം ചെയ്യും.  ജൈവമാലിന്യങ്ങൾ തദ്ദേശീയമായി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.  12,200 ടൺ ജൈവമാലിന്യങ്ങളാണ് നീക്കംചെയ്യാനുണ്ടായിരുന്നത്.  2,810 ടൺ അജൈവമാലിന്യം ബ്രഹ്മപുരത്ത‌് എത്തിച്ചു.

 ജില്ലയിലെ 117 പ്രളയബാധിത സ്‌കൂളുകളിൽ മൂന്നെണ്ണം പഠനം തുടരാനാവത്തവിധം നശിച്ചു.  ജിഎൽപി സ്‌കൂൾ മൂവാറ്റുപുഴ, മുടവൂർ, പഴമ്പിള്ളിത്തുരുത്ത് എന്നീ സ്‌കൂളുകളാണ് നശിച്ചത്.   ഈ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സമീപത്തുള്ള കെട്ടിടത്തിൽ പഠനത്തിന് താൽകാലിക സംവിധാനമൊരുക്കിയിട്ടുണ്ട്.  അൺ എയ്ഡഡ് സ്‌കൂളുകളിൽനിന്ന‌് പുസ്തകം ലഭ്യമാക്കി പാഠപുസ്തകങ്ങളുടെ അപര്യാപ്തത പരിഹരിക്കും. 

രണ്ടു ലക്ഷം നോട്ടുപുസ്തകങ്ങൾ ആവശ്യമുള്ളിടത്ത് 80,000 പുസ്തകങ്ങൾ വിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കിക്കഴിഞ്ഞു.  തദ്ദേശസ്ഥാപനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും  ശേഷിക്കുന്നവ ലഭ്യമാക്കുന്നുമുണ്ട്.  സ്‌കൂൾ ബാഗും മറ്റു പഠനസാമഗ്രികളും സ്പോൺസർഷിപ്പിലൂടെയാണ് ലഭിക്കുന്നത്. 

ദുരിതാശ്വാസ സാധനങ്ങളുടെ വരവ് കുറഞ്ഞു.  യാത്രാ ട്രെയിനുകളിൽ പാഴ്സലായി ഇപ്പോഴും സാധനങ്ങൾ വരുന്നുണ്ട്.  ഇതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.  സർക്കാരിലേക്ക്  എന്ന കുറിപ്പോടെയുള്ളവ മാത്രമേ ജില്ലാ ഭരണകൂടത്തിന് നേരിട്ട് സ്വീകരിക്കാനാവൂ.  പല സ്വകാര്യവ്യക്തികളും  ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി അവരുടെ പേരിൽ വരുത്തുന്ന സാധനങ്ങൾ  റെയിൽവേ പ്ലാറ്റ്ഫോമുകൾക്കു വശത്തായി നീക്കിവെക്കാറുണ്ട്.  ഇത് നേരിട്ട് ഏറ്റെടുക്കാനാവില്ല.  ഇത്തരം പാഴ്സലുകൾ ജില്ലാ ഭരണകൂടം ഏറ്റെടുക്കാതെ കിടക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ എന്ന പേരിൽ വാർത്ത വരുന്നതിനു കാരണമിതാണെന്നും കലക്ടർ വ്യക്തമാക്കി. 
തലശേരി സബ് കലക്ടർ എസ‌് ച ന്ദ്രശേഖർ, ഡെപ്യൂട്ടി കലക്ടർ പി ഡി ഷീലാദേവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top