24 April Wednesday

ധനസമാഹരണം രണ്ടുദിവസം കൂടി; തുടരും സഹായപ്രവാഹം

സ്വന്തം ലേഖകർUpdated: Wednesday Sep 12, 2018

കൊച്ചി > സുമനസ്സുകളുടെ സഹായ പ്രവാഹത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് വൻ സ്വീകരണം. ആദ്യദിനം കുന്നത്തുനാട‌്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽനിന്ന‌് സമാഹരിച്ചത‌് 3,02,34,776 രൂപ. പ്രളയത്തിൽ സർവതും നഷ‌്ടമായവർക്ക‌് ഭൂമിയായും വീടായും സ്വർണമായും സഹായമെത്തിയത‌് നാടിന്റെ ഒരുമയുടെ തെളിവായി.

മുൻ സൈനികൻ ജിമ്മി ജോർജ്ജിന്റെ 16.5 സെന്റ് സ്ഥലം സംഭാവനയായി സ്വീകരിച്ചാണ‌് മൂവാറ്റുപുഴ താലൂക്കിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം തുടങ്ങിയത‌്. യുകെയിൽ സോഫ്റ്റ് വെയർ എൻജിനിയറായ ജിമ്മി ജോർജ്ജിനുവേണ്ടി മുൻ സൈനികനായ അച്‌ഛൻ പി ജെ ജോർജ്, അമ്മ മേരി ജോർജ് എന്നിവർ ചേർന്ന് സ്ഥലം നൽകുന്നതിനുള്ള സമ്മതപത്രം മൂവാറ്റുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീന് കൈമാറി. ജിമ്മി വീട് വയ്ക്കുന്നതിനായി വാങ്ങിയ സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുടർന്ന് നിരവധി വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വിവിധ മതസ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ സംഭാവനകൾ കൈമാറി.

മൂവാറ്റുപുഴ താലൂക്കിൽ നിന്നും 49,75,300 രൂപയാണ് മന്ത്രി നേരിട്ട് സ്വീകരിച്ചത്. താലൂക്ക് തല ധനസമാഹരണത്തിന് മുമ്പേ  വ്യക്തികളും സ്ഥാപനങ്ങളും 15.63ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് താലൂക്കിലേക്ക് ഇതുവരെ ലഭിച്ചത‌് 65,39,150 രൂപയാണ‌്. വ്യാഴം, വെള്ളി ദിവസങ്ങളിലും ധനസമാഹരണം തുടരും.

മൂവാറ്റുപുഴ അർബൻ  സഹകരണ ബാങ്കിനുവേണ്ടി ചെയർമാൻ പി ആർ മുരളീധരൻ 10 ലക്ഷം രൂപയുടെ ചെക്ക്  മന്ത്രിക്കു നൽകി. മൂവാറ്റുപുഴ നഗരസഭ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ കൈമാറി. ആരക്കുഴ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ പ്രസിഡന്റ് വള്ളമറ്റം കുഞ്ഞും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച ഒരു ലക്ഷം പ്രസിഡന്റ് ജോസി ജോളിയും കൈമാറി. മാറാടി സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപയും അപ്പു ഗ്രാനൈറ്റ് ഇൻഡസ്ട്രി  രണ്ട് ലക്ഷം രൂപയും നൽകി. പായിപ്ര സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ, ആനിക്കാട് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ, മാറാടി സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ, ഫിലിപ് കെ എം രാമമംഗലം പിറവം അഗ്രഗേറ്റ്‌സിന്റെ പേരിൽ ഒരു ലക്ഷം, ആസ്പയർ ആർട്‌സ് ആൻഡ‌് സ്‌പോർട്‌സ് സൊസൈറ്റി ഒരു ലക്ഷം രൂപ, സാബു വർഗീസ് ഒരു ലക്ഷം, മുത്തോലപുരം സഹകരണ ബാങ്ക് രണ്ട് ലക്ഷം, പായിപ്ര സഹകരണ ബാങ്ക് രണ്ട് ലക്ഷം, തൃക്കളത്തൂർ സഹകരണ ബാങ്ക് മൂന്ന് ലക്ഷം, ബാബു ജേക്കബ് ഒരു ലക്ഷം എന്നിങ്ങനെ നിരവധി പേർ ധനസഹായവുമായി മുന്നോട്ട് വന്നു.
 എൽദോ എബ്രഹാം എംഎൽഎ അധ്യക്ഷനായി. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ രണ്ടു സ്വർണമോതിരങ്ങൾ എംഎൽഎ മന്ത്രിക്ക് കൈമാറി. കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, എഡിഎം എം കെ കബീർ, മൂവാറ്റുപുഴ ആർഡിഒ എം ടി അനിൽകുമാർ, തഹസിൽദാർ പി എസ് മധുസൂദനൻ എന്നിവർ സംസാരിച്ചു.
പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ധനസമാഹരണ യജ്ഞത്തിൽ മന്ത്രി എ സി മൊയ്തീൻ കുന്നത്തുനാട‌് താലൂക്കിലെ സഹായങ്ങൾ ഏറ്റുവാങ്ങി. ചെക്കായും ഡിഡിയായും 1,24,71,974 രൂപയും പണമായി 2,87,502 രൂപയും ലഭിച്ചു. ആകെ 152 പേരിൽ നിന്ന‌് 1,27,59,476 രൂപ സഹായം ലഭിച്ചു.

വടവുകോട‌്﹣പുത്തൻകുരിശ് പഞ്ചായത്തുകൾ പിരിവെടുത്തും തനതു ഫണ്ടിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 20 ലക്ഷം രൂപയാണ‌്. കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ  കത്തീഡ്രൽ രണ്ടു വീട‌് നിർമിച്ചു നൽകും.  കോലഞ്ചേരി മെഡിക്കൽ കോളേജ് പത്തുലക്ഷം രൂപ നൽകി. മാമലയിലെ ടോഡി കോൺട്രാക‌്ടേഴ‌്സ‌്  അസോസിയേഷൻ ഒരു ലക്ഷം രൂപയും നൽകി. മര, പ്ലൈവുഡ‌് മേഖല(പത്ത‌് ലക്ഷം), കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് (8,36,000), വെങ്ങോല പഞ്ചായത്ത് ( 5 ലക്ഷം), രായമംഗലം പഞ്ചായത്ത് ( 5 ലക്ഷം), മഴുവന്നൂർ പഞ്ചായത്ത് (രണ്ടു ലക്ഷം), പെരുമ്പാവൂർ നഗരസഭ (രണ്ടു ലക്ഷം), അശമന്നൂർ പഞ്ചായത്ത് ( 2 ലക്ഷം ), കിഴക്കമ്പലം പഞ്ചായത്ത് (5 ലക്ഷം), വടവുകോട് ബ്ലോക്ക് ( ഒരു ലക്ഷം), കൂവപ്പടി ബ്ലോക്ക് ( ഒരു ലക്ഷം), കേര ഓയിൽ (അഞ്ചു ലക്ഷം), പൂതൃക്ക പഞ്ചായത്ത് (5 ലക്ഷം), വളയൻചിറങ്ങര വി എൻ കേശവപിള്ള സ‌്മാരക വായനശാല(1 ലക്ഷം), സാൻജോ ആശുപത്രി (1 ലക്ഷം), സെന്റ‌്  മേരിസ‌് സെഹിയോൺ യാക്കോബായ പള്ളി (2 ലക്ഷം), പെരുമ്പാവൂർ ബഥേൽ സുലുക്കോ യാക്കോബായ സുറിയാനി കത്തീഡ്രൽ (1 ലക്ഷം), വട്ടേക്കാട്ടുപടി മുസ്ലിം ജമാത്ത‌്(43,500) എന്നിവർ നിധിയിലേക്ക് സംഭാവനകൾ നൽകി.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. വി പി സജീന്ദ്രൻ എംഎൽഎ, എഡിഎം എം ടി അനിൽകുമാർ, തഹസിൽദാർ സാബു ഐസക്, സാജു പോൾ, മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, സിപിഐ എം ഏരിയ സെക്രട്ടറി പി എം സലിം എന്നിവർ പങ്കെടുത്തു.

 വായനശാലകൾ, തൊഴിലാളികൾ, കലാ സാംസ‌്കാരി സംഘടനകൾ, വിവിധ ആരാധനാലയങ്ങൾ, വ്യക്തികൾ, റസിഡന്റ‌്സ‌് അസോസിയേഷനുകൾ, പഞ്ചായത്തുകൾ എന്നിവയും സഹായവുമായെത്തി. താലൂക്കിലെ പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറിൽ രാവിലെ മുതൽ സഹായങ്ങളുമായി എത്തിയവരുടെ തിരക്കായിരുന്നു. ചെക്കുകളും ഡ്രാഫ്റ്റുകളും ആയാണ് സഹായങ്ങൾ സ്വീകരിച്ചത്. ചിലർ പണമായും നൽകി. പണമെത്തിക്കുന്നവർക്ക് അപ്പോൾ തന്നെ രസീതും നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലത്തുനിന്ന‌് ഒരു മണിക്കൂറിൽ ലഭിച്ചത് ഒന്നേകാൽ കോടി രൂപ. കോതമംഗലം ഗവ. റെസ്റ്റ് ഹൗസിൽ  മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തിൽ നടത്തിയ ഫണ്ടുസമാഹരണത്തിലാണ‌്  തുക ലഭിച്ചത‌്.  കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സംഭാവനയുമായെത്തിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിവരും പങ്കെടുത്തു.  ആന്റണി ജോൺ എംഎൽഎ  യോഗത്തിൽ അധ്യക്ഷനായി. നേരത്തെ കോതമംഗലത്ത് നിന്ന‌് 90 ലക്ഷത്തോളം രൂപ  ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിരുന്നു.  ഇനിയും  ഒട്ടേറെപേർ  വാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും നവകേരള നിർമിതിക്കായി തുടർന്നും സഹകരിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു


പ്രധാന വാർത്തകൾ
 Top