18 September Wednesday

ഇത്ര കാലത്തിനിടെ കുടുംബത്തിലാരെങ്കിലും മരിച്ചിട്ടല്ലാതെ പെരുന്നാൾ മുടങ്ങിയിട്ടില്ല ; മറക്കില്ല ഈ ഒരുമപ്പെരുന്നാൾ

എൻ കെ സുജിലേഷ്‌Updated: Tuesday Aug 13, 2019

കണ്ണൂർ കരിയാട്‌ പുളിയനമ്പ്രത്തെ സിറാജുൽ ഹുദ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ ഫോട്ടോ: ജഗത്‌ലാൽ


കരിയാട്‌ (കണ്ണൂർ)
‘ഇത്ര കാലത്തിനിടെ കുടുംബത്തിലാരെങ്കിലും മരിച്ചിട്ടല്ലാതെ പെരുന്നാൾ മുടങ്ങിയിട്ടില്ല..’– ഒന്നുനിർത്തിയശേഷം കരിയാട്‌ കിടഞ്ഞിയിലെ ഇത്തലത്ത്‌ സുലൈഖ തുടർന്നു. ‘അതിന്‌ ഇക്കുറിയും മുടങ്ങിയില്ലല്ലോ. നാട്ടുകാരെല്ലാരും ഒന്നിച്ചല്ലേ ഇന്ന്‌’. നാലുദിവസമായി പുളിയനമ്പ്രത്തെ സിറാജുൽ ഹുദാ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്‌ ഈ ഉമ്മ. ഒപ്പം രണ്ടു മക്കളുടെ ഭാര്യമാരും മൂന്നു കുഞ്ഞുങ്ങളും.

വ്യാഴാഴ്‌ചയോടെയാണ്‌ പെരിങ്ങത്തൂർ ഭാഗത്ത്‌ മയ്യഴിപ്പുഴ കരകവിഞ്ഞ്‌ പ്രദേശമാകെ വെള്ളത്തിലായത്‌. അടുത്തവീടുകളിലേക്ക്‌ മാറിയവർക്ക്‌ അവിടെയും നിൽക്കാനായില്ല.

രക്ഷാപ്രവർത്തകരെത്തി തോണിയിലും മറ്റുമായി എല്ലാവരെയും സമീപത്തെ സ്‌കൂളുകളിലേക്കും മറ്റും മാറ്റി. വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഭൂരിഭാഗം പേരും തിങ്കളാഴ്‌ചയോടെ ക്യാമ്പിൽനിന്ന്‌ മടങ്ങി. ചെളി നിറഞ്ഞ വീടുകൾ സന്നദ്ധപ്രവർത്തകരും കുടംബാംഗങ്ങളുമെല്ലാം ചേർന്ന്‌ വൃത്തിയാക്കിയശേഷമാണ്‌ മടങ്ങിയത്‌.

വെള്ളമിറങ്ങാത്ത പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിൽ തന്നെയാണ്‌. പെരുന്നാളായതിനാൽ അതിനനുസരിച്ച്‌ ഭക്ഷണമൊരുക്കാനും സന്നദ്ധപ്രവർത്തകർ ശ്രദ്ധിച്ചു.
സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഇത്തരം ദൃശ്യങ്ങളായിരുന്നു. ഒരു വേർതിരിവുമില്ലാതെ ഒരുമയുടെ പെരുന്നാൾ ഒരേ മനസ്സോടെ കേരളം ആഘോഷിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top