17 September Tuesday

പെരുന്നാൾ മൊഞ്ച്‌ തളിരിട്ട്‌ ആശ്വാസതീരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കോഴിക്കോട്‌> അലിയാരെ കല്യാണപ്പുതുമ ചൊല്ലാൻ മലർമുത്ത്‌ ഫാത്തിമയ്‌ക്ക്‌ കല്യാണമെ...

തിരുവണ്ണൂർ മൈത്രി റോഡിലെ ഭഗവതി ഒടിനിലം പറമ്പിലെ നൈസു പാടുമ്പോൾ ചുറ്റുമുള്ളവർ കൈകൊട്ടി. ദുരിതാശ്വാസ ക്യാമ്പിലാണെങ്കിലും പെരുന്നാളിന്റെ ആഘോഷങ്ങൾക്ക്‌ ഇവിടെ കുറവുണ്ടായില്ല.  മൈലാഞ്ചിയിട്ടും പാട്ടുപാടിയും ബിരിയാണി കഴിച്ചും  ദുരിതാശ്വാസ ക്യാമ്പിനെയും ഇവർ വീടാക്കി മാറ്റി. മീഞ്ചന്ത രാമകൃഷ്‌ണ മിഷൻ  ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ ബലിപെരുന്നാൾ ദിവസം അന്തേവാസികൾക്കായി പ്രത്യേകം പരിപാടിയൊരുക്കിയത്‌. ക്യാമ്പിലെ വളന്റിയർ  അതുല്യ നൈസുവിന്റെ കൈയിൽ മൈലാഞ്ചിയിട്ടു. കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിൽ വെള്ളം കയറിയപ്പോഴാണ്‌ നൈസു ക്യാമ്പിലെത്തിയത്‌. മക്കളാരും നാട്ടിലില്ല. പെരുന്നാൾ വെള്ളത്തിലാവുമെന്ന്‌ കരുതിയപ്പോഴാണ്‌  ക്യാമ്പിൽ ആഘോഷങ്ങളുടെ ആരവമുയർന്നത്‌. 29 കുടുംബങ്ങളിൽനിന്നായി 38 സ്‌ത്രീകളും 37 പുരുഷന്മാരും ആറ്‌ കുട്ടികളും ഉൾപ്പെടെ 81 പേരാണ്‌ ഇവിടെയുള്ളത്‌.  ബലിപെരുന്നാൾ പ്രമാണിച്ച്‌ എല്ലാവർക്കും പുതുവസ്‌ത്രങ്ങളും നൽകി. ഉച്ചക്ക്‌  എല്ലാവർക്കും ബിരിയാണിയും പായസവും നൽകിയാണ്‌ പ്രളയത്തിലും പെരുന്നാളിനെ നാട്ടുകാർ അവിസ്‌മരണീയമാക്കിയത്‌.

പരിപാടി ദേശീയ അവാർഡ്‌ ജേതാവ്‌  നടി സാവിത്രി ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു.  ആരും ദുഃഖിക്കരുതെന്നും  സ്‌നേഹത്തോടെയും സഹകരണത്തോടെയും കഴിയണമെന്നും സാവിത്രി ശ്രീധരൻ പറഞ്ഞു.  

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനയത്തിന്‌ ദേശീയ പുരസ്‌കാരം തനിക്ക്‌ ലഭിച്ചെങ്കിലും അതിൽ സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നടി പറഞ്ഞു.  ചടങ്ങിൽ കൗൺസിലർ നമ്പിടി നാരായണൻ  അധ്യക്ഷനായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കമാൽ വരദൂർ പെരുന്നാൾ സന്ദേശം നൽകി. പ്രിൻസിപ്പൽ ജി മനോജ്‌കുമാർ, പ്രധാനാധ്യാപകൻ അശോകൻ  ജി മേനോൻ, പി വി കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കൺവീനർ അഡ്വ. എം ആർ ഹരീഷ്‌ സ്വാഗതം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top