05 August Wednesday

വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശനനടപടി: മന്ത്രി വി എസ്‌ സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019


കൊച്ചി
പ്രളയത്തെക്കുറിച്ച്‌ വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വി എസ്‌ സുനിൽകുമാർ. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളും ഫെയ്‌സ്‌ബുക്ക്‌ പേജുകളും ഉണ്ട്‌. അതിലൂടെയുള്ള വിവരം മാത്രം വിശ്വസിക്കുക. അണക്കെട്ടിലെ ജലനിരപ്പിനെക്കുറിച്ചുള്ള  പുതുക്കിയ വിവരങ്ങളും ലഭിക്കും.  പബ്ലിക്‌ റിലേഷൻ വകുപ്പ്‌ ജനങ്ങളെ അറിയിക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ട്‌. ഇതല്ലാതെ മറ്റൊരു ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല. എറണാകുളം കലക്ടറേറ്റിൽ  ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ ആറുവീടുകൾ പൂർണമായും ഇരുന്നൂറിലധികം വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ അപകടങ്ങൾ കുറവാണ്‌. സർക്കാർ സംവിധാനങ്ങളോട്‌ ജനങ്ങൾ നന്നായി സഹകരിക്കുന്നതിനാലാണ്‌ അപകടം  കുറഞ്ഞത്‌. പ്രളയം രൂക്ഷമാകുംമുമ്പ്‌ പലരെയും ക്യാമ്പുകളിൽ എത്തിക്കാൻ സാധിച്ചതും ജനങ്ങൾ സഹകരിച്ചതിനാലാണ്‌. കഴിഞ്ഞ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർ തന്നെയാണ്‌  ഇത്തവണ ഇരകളിൽ ബഹുഭൂരിപക്ഷവും. അവർക്ക്‌ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കും. മഴയ്‌ക്ക്‌ ശമനമുണ്ടെങ്കിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുണ്ട്‌.  ഇവർക്ക്‌ അവശ്യസാധനങ്ങൾ എത്തിക്കണം. സർക്കാരിന്റെ ഔദ്യോഗിക സംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്‌ കലക്ടറേറ്റിലാണ്‌. വ്യാപാരികൾക്കും  സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും ഇവിടെ സാധനങ്ങൾ എത്തിക്കാം. ക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌ സർക്കാരിന്റെ പൂർണ ചുമതലയിലാണ്‌. അതിനാൽ  സാധനങ്ങൾ വിതരണം ചെയ്യാൻ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്‌. അനർഹരുടെ കൈകളിൽ എത്താതിരിക്കാനാണ്‌  നിയന്ത്രണം. 

ജില്ലയിലെ ക്യാമ്പുകളുടെ സംവിധാനങ്ങൾ  മികച്ച നിലയിൽ മുന്നോട്ടുപോകുന്നുണ്ട്‌. ചില സ്ഥലങ്ങളിലെ കുറവുകൾ ശ്രദ്ധയിൽപ്പെട്ടു. ഇത്‌ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകി. ജില്ലയിൽ ഇതുവരെ മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ആരെയും കാണാതായതായും വിവരമില്ല. ശുചീകരണ പ്രവർത്തനം ഊർജിതമാണ്‌. നെടുമ്പാശേരി വിമാനത്താവളം തുറന്നുപ്രവർത്തിക്കാനായി. നാവികസേന, കരസേന, ദുരന്തനിവാരണസേന, മത്സ്യത്തൊഴിലാളികളുടെ സംഘം എന്നിവർ ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ ആലുവയിലും എറണാകുളത്തും  സന്നദ്ധരാണ്‌. പെരിയാറിൽ വെള്ളം താഴുന്നുണ്ട്‌. തോടുകളും കനാലുകളും ആഴംകൂട്ടി  ജലപ്രവാഹം സുഗമമാക്കാൻ പിഡബ്ല്യുഡിക്ക്‌ നിർദേശം നൽകി.

പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായം വർധിപ്പിക്കണം. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണം. മെട്രോ നിർമാണത്തിനുശേഷം ദേശീയപാതയ്ക്ക് സമീപമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കണം. പ്രവർത്തനങ്ങൾക്കായി എല്ലാ വകുപ്പുകളുടെയും ഏകോപന യോഗം വിളിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top