18 February Monday

സർക്കാർസംവിധാനങ്ങൾ കാര്യക്ഷമം പരാതികളില്ലാതെ ദുരിതബാധിതർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


നെടുമ്പാശേരി
കലിതുള്ളിയെത്തിയ കാലവർഷത്തിൽ വെള്ളംകയറി വീടുകളിൽനിന്ന് കൈയിൽ കിട്ടിയതുമായി രക്ഷപ്പെട്ട പ്രളയബാധിതർക്ക് സർക്കാർ സംവിധാനങ്ങൾ ഒരുക്കിയത് പരാതികൾക്കിടനൽകാതെ. ശനിയാഴ്ച മുഖ്യമന്ത്രി സന്ദർശിച്ച മാഞ്ഞാലി തേലതുരുത്ത‌് കേരള ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാമ്പിൽമാത്രം 850 പേരാണ് കഴിയുന്നത്‌. ഇത്രയും പേർക്കും മൂന്നു നേരവും ഭക്ഷണം ക്യാമ്പിൽതന്നെ പാചകം ചെയ്തുനൽകുകയാണ്. കൈക്കുഞ്ഞുങ്ങൾമുതൽ കിടപ്പുരോഗികളായ വയോധികർവരെ ക്യാമ്പിൽ സുരക്ഷിതരാണ്‌. സർക്കാർ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കുടാതെ ചില സന്നദ്ധസംഘടനാപ്രവർത്തകരും വൈദ്യസഹായവുമായി രംഗത്തുവന്നു.

‘കനിവ്’ പെയിൻ ആൻഡ്‌ പാലിയേറ്റിവ് നെടുമ്പാശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിൽ സന്നദ്ധപ്രവർത്തനം നടത്തി. ധനമന്ത്രി ടി എം തോമസ്‌ ഐസക്ക് കുന്നുകര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി. ഇന്നസെന്റ് എംപി ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകൾസന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 

കാലടി
കാലടി ഏരിയയിൽ വെള്ളംകയറിയ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് താഴുന്നു. വ്യാഴാഴ്ച രാവിലെ ഇടമലയാർ ഡാം തുറന്നതിനെത്തുടർന്ന് മലയാറ്റൂർ, കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലാണ‌് വെള്ളംകയറിയത‌്. കാഞ്ഞൂർ പഞ്ചായത്തിലെ വട്ടത്തറയിലും തുറവുംങ്കരയിലുമാണ‌് വെള്ളപ്പൊക്കം ഏറെ ദുരിതംവിതച്ചത്. തുറവുംങ്കരയിൽനിന്ന‌് മാത്രം 544 പേരാണ് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഈ ക്യാമ്പ് ശനിയാഴ‌്ച വൈകിട്ടോടെ പിരിച്ചുവിട്ടു.

മലയാറ്റൂർ പഞ്ചായത്തിൽ ഒരു ക്യാമ്പാണ് തുറന്നിരിക്കുന്നത്. കാലടി പഞ്ചായത്തിൽ രണ്ടു ക്യാമ്പുകളുണ്ട‌്. ഇരുപതോളംകുടുംബങ്ങൾ ഇവിടെകഴിയുന്നു. ഇവർക്കാവശ്യമായ ഭക്ഷണവും മറ്റുസൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകുന്നു.
കാഞ്ഞൂർ പഞ്ചായത്തിലാണ് ഇത്തവണയും വെള്ളപ്പൊക്കം ഏറെദുരിതംവിതച്ചത്. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ക്യാമ്പ് ചെയ്തവർക്ക് കാഞ്ഞൂർ സഹകരണ ബാങ്ക്, കാലടി‐കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക്, കാഞ്ഞൂർ സെന്റമേരീസ് പള്ളി, എൻജിഒ യൂണിയൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രവും നൽകി. ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥർ 24 മണിക്കൂറും കർമനിരതരായിരുന്നു. പോലീസും ഫയർഫോഴ്സും  റവന്യൂവകുപ്പും ജാഗരൂകരായി പ്രവർത്തിച്ചു. 

പൊതുപ്രവർത്തകരും ജനപ്രതിനിധികളും ക്യാമ്പിന‌് സഹായവുമായി ഒപ്പമുണ്ട‌്. വെള്ളിയാഴ്ച ഇന്നസന്റ്  എം പി, സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത്, സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ ടി കെ മോഹൻ, എം പി പത്രോസ്, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ എസ‌് അരുൺകുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

ഇന്നസെന്റ‌് ദുരിതാശ്വാസക്യാമ്പ‌് സന്ദർശിച്ചു
അങ്കമാലി
മഞ്ഞപ്ര ജെബിഎസിലെ  ദുരിതാശ്വാസക്യാമ്പിൽ  ഇന്നസെന്റ് എം പി സന്ദർശനം നടത്തി. ക്യാമ്പിൽ താമസിക്കുന്ന 40 ഓളം കുടുംബങ്ങളുമായി സംസാരിക്കുകയും ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുകയും അടിയന്തര സഹായം ഉടനടി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന‌് അറിയിക്കുകയുംചെയ‌്തു. എഫ‌്ഐടി ചെയർമാൻ  ടി കെ മോഹനൻ, സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് അംഗം  എം പി പത്രോസ്, ബാംബു കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ്, ബാംബു കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ടി പി ദേവസ്സിക്കുട്ടി എന്നിവരും  ക്യാമ്പ് സന്ദർശിച്ചു.

പ്രധാന വാർത്തകൾ
 Top