30 March Thursday

തീരദേശത്തെ നിര്‍മാണം : മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

തിരുവനന്തപുരം > തീരദേശ പരിപാലന വിജ്ഞാപനത്തിലെ നിയന്ത്രണം മൂലം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടല്‍, കായല്‍, തടാകം, നദികള്‍ എന്നിവയുടെ പരിസരത്ത് താമസിക്കുന്നവരാണ് നിയമത്തില്‍ ഇളവ് ലഭിക്കാത്തതുമൂലം ദുരിതത്തിലായത്. എ എന്‍ ഷംസീറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ഈ മേഖലയിലെ കടന്നുകയറ്റം തടയാനാണ് സിആര്‍സെഡ് വിജ്ഞാപനത്തില്‍ ഇത്തരം വ്യവസ്ഥയുണ്ടായത്. എന്നാല്‍,  മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട്  മനസ്സിലാക്കിയപ്പോള്‍ ചട്ടങ്ങളില്‍ ഇളവുവേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഡോ. ശൈലേഷ് നായിക് സമിതി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. വീട് നിര്‍മാണം, നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധയില്‍പ്പെട്ടു. ഇവയെല്ലാം അനുഭാവപൂര്‍വം പരിഗണിച്ച് പരിഹരിക്കും. തീരദേശ പരിപാലനനിയമത്തിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക കാര്യങ്ങളില്‍ സിആര്‍സെഡിന്റെ തിരുവനന്തപുരം ഓഫീസിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top