തിരുവനന്തപുരം > സമുദ്ര മത്സ്യബന്ധന നിയമത്തില്‍ മാറ്റംവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1980ലെ കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ടിലായിരിക്കും കാലോചിത മാറ്റം. അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഉത്തരവാദിത്ത മത്സ്യബന്ധന പെരുമാറ്റച്ചട്ടം സംസ്ഥാനത്തും നടപ്പാക്കേണ്ടതുണ്ട്. ട്രോളിങ് നിരോധനത്തില്‍ കാലികമാറ്റം ആവശ്യമോയെന്നും പരിഗണിക്കണം. ആഗോളതാപനം, കാലവര്‍ഷത്തിലെ മാറ്റങ്ങള്‍, കടല്‍വെള്ളത്തിന്റെ ചൂട് വര്‍ധിക്കല്‍, സമുദ്ര ജലനിരപ്പിന്റെ ഉയര്‍ച്ച തുടങ്ങിയ വിഷയങ്ങളം ചര്‍ച്ച ചെയ്യണം. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംഘടിപ്പിച്ച മത്സ്യസമ്പത്ത് സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിസൌഹൃദാന്തരീക്ഷം ഉറപ്പാക്കിയുള്ള ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ വളര്‍ച്ചയാണ് ഒരു വെല്ലുവിളി. നിലവിലുള്ളതിന്റെ ഇരട്ടിയായെങ്കിലും ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ അളവ് വര്‍ധിപ്പിക്കണം. മത്സ്യസമ്പത്തിന്റെ കാര്യത്തില്‍ കേരളത്തിനുണ്ടായിരുന്ന മുന്‍കൈ നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കണം. ഇക്കാര്യത്തില്‍ വിവിധതലങ്ങളില്‍ ചര്‍ച്ച നടത്തും.
രാജ്യത്തിന്റെ തനത് മത്സ്യബന്ധന മേഖലയുടെ സംരക്ഷണത്തിനായ മുരാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. കമ്മിറ്റി റിപ്പോര്‍ട്ടിലെ 21 ശുപാര്‍ശകള്‍ പ്രധാനപ്പെട്ടതാണ്. വിദേശ ട്രോളറുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനത്തിന് പുതിയ ലൈസന്‍സ് അനുവദിക്കരുത്, നിലവിലുള്ള ലൈസന്‍സുകള്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കരുത്, ചെറുകിട– ഇടത്തരം പരമ്പരാഗത തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കല്‍ തുടങ്ങിയ ശുപാര്‍ശകളെങ്കിലും അടിയന്തരമായി നടപ്പാക്കണം.
നവ ഉദാരവല്‍ക്കരണനയംമൂലം മത്സ്യസമ്പത്തില്‍ വലിയ ചോഷണം സംഭവിച്ചു. ഉപരിതല മത്സ്യബന്ധന രീതികള്‍ മാറി. കൂറ്റന്‍ വിദേശ മത്സ്യബന്ധന ട്രോളറുകള്‍ക്ക് കടല്‍ തുറന്നുകൊടുത്തു. ഇതോടെ പരമ്പരാഗത ചെറുകിട മീന്‍പിടിത്തക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. മത്സ്യം സാധാരണക്കാരന്റെ ഭക്ഷ്യവസ്തുവെന്ന അവസ്ഥ തീര്‍ത്തും മാറി. വിദേശകമ്പോളങ്ങള്‍ക്ക് പ്രിയമുള്ള ചരക്ക് എത്തിക്കുകയെന്ന നിലയിലേക്ക് മത്സ്യബന്ധനത്തെ മൂലധനശക്തികള്‍ മാറ്റിയെടുത്തു. വന്‍ മൂലധനനിക്ഷേപത്തില്‍, വലിയ യാനങ്ങള്‍ ഉപയോഗിച്ച്, നീണ്ട വലകളുടെ സഹായത്തോടെ തീരക്കടലാകെ അരിച്ചുപെറുക്കി വിദേശത്തേക്ക് കടത്തുകയാണ്.
ഉല്‍പ്പാദനരംഗത്ത് കേരളം കനത്ത തിരിച്ചടി നേരിടുകയാണ്. 2009–10ല്‍ ആകെ ഉല്‍പ്പാദനം 5.70 ലക്ഷം ടണ്‍ മത്സ്യസമ്പത്തായിരുന്നു. 2014–15ല്‍ 5.24 ലക്ഷം ടണ്ണായി കുറഞ്ഞു. അഞ്ച് ശതമാനത്തിന്റെ ഇടിവ്. കടല്‍മത്സ്യ ഉല്‍പ്പാദനത്തില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. ഇപ്പോള്‍ നാലാമതായി. ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനത്തില്‍ എട്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒട്ടേറെ ജനക്ഷേമവും വികസനാത്മകവുമായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കി. ഇവയുടെ പ്രയോജനം മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ മാറ്റംവരണം. സാമൂഹിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകണം– മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..