09 August Sunday

സ്വർണക്കടത്ത്‌ കേസ്‌ : സാമ്പത്തിക ഭദ്രത തകർക്കാൻ ശ്രമിച്ചു ; വമ്പൻ ഗൂഢാലോചനയെന്ന്‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

സ്വർണക്കടത്ത്‌ കേസിൽ അറസ്റ്റ്‌ ചെയ്‌ത സന്ദീപ്‌ നായരെയും സ്വപ്‌ന സുരേഷിനെയും കൊച്ചി എൻ‌ഐഎ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഫോട്ടോ: മനു വിശ്വനാഥ്‌


കൊച്ചി
സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കാൻ ശ്രമിച്ചതിന്‌ മതിയായ തെളിവ്‌ ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി. സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ്‌, നാലാം പ്രതി സന്ദീപ്‌ നായർ എന്നിവരെ ഹാജരാക്കി പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ എൻഐഎ  ഇക്കാര്യം വ്യക്തമാക്കിയത്‌.

പ്രതികൾ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരാണ്‌. പ്രതികളുടെയാകെ പങ്ക്‌ വ്യക്തമാക്കുന്ന നിർണായക തെളിവുകളും കിട്ടിക്കഴിഞ്ഞു. അത്‌ കോടതിക്ക്‌ രേഖാമൂലം കൈമാറാൻ തയ്യാറാണ്‌. കള്ളക്കടത്തിനുപിന്നിൽ വമ്പൻ ഗൂഢാലോചന‌ നടന്നിട്ടുണ്ട്‌. ഇത്‌‌ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

കള്ളക്കടത്തുസ്വർണവും മറ്റും കണ്ടെടുക്കാൻ കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണെന്ന്‌ കസ്‌റ്റഡി അപേക്ഷയിലും പറഞ്ഞു. തെളിവുകൾ രേഖാമൂലം തിങ്കളാഴ്‌ച സമർപ്പിക്കും.

ഫാസിൽ യുഎഇയിൽ പിടിയിൽ
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌‌ യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫാസിൽ ഫരീദ്‌ ദുബായ്‌ പൊലീസിന്റെ പിടിയിലെന്ന്‌ സൂചന. കേസിലെ മൂന്നാം പ്രതിയായ ഇയാളെ വിട്ടുകിട്ടാൻ എൻഐഎയും കസ്‌റ്റംസും ഉടൻ നടപടി സ്വീകരിക്കും.

സ്വർണക്കടത്ത്‌ സംഘത്തിന്റെ ദുബായ്‌ കേന്ദ്രീകരിച്ചുള്ള പ്രധാന സൂത്രധാരൻ ഇയാളാണെന്ന്‌ സരിത്‌  അന്വേഷകസംഘത്തോട്‌ വെളിപ്പെടുത്തിയിരുന്നു. ഫാസിലിനെ എൻഐഎയ്‌ക്ക്‌ ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

നയതന്ത്ര ബാഗേജിൽ സ്വർണം പിടിച്ചതോടെ യുഎഇയിലും അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിലെ അന്വേഷണത്തോട്‌ പൂർണമായി സഹകരിക്കുമെന്നും യുഎഇ എംബസി വ്യക്തമാക്കിയിരുന്നു.

കൊച്ചി
സ്വർണക്കടത്ത്‌ കേസിൽ ബംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ്‌ ചെയ്‌ത രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ്‌ നായരെയും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി മൂന്നുദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. ബംഗളൂരുവിൽനിന്ന്‌ റോഡുമാർഗം കൊച്ചിയിലെത്തിച്ച്‌ കോവിഡ്‌ പരിശോധനയ്‌ക്കുശേഷമാണ്‌ ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്‌.

റിമാൻഡിലായ സ്വപ്‌നയെ തൃശൂർ ഫാത്തിമ നഗർ അമ്പിളിക്കലയിലെയും സന്ദീപ്‌ നായരെ കറുകുറ്റിയിലെ അഡ്‌ലക്‌സിലെയും‌ കോവിഡ്‌ കെയർ സെന്ററിലേക്ക്‌ മാറ്റി. വൈദ്യപരിശോധനയ്‌ക്കുശേഷം‌ കോടതി നിർദേശപ്രകാരമാണിത്‌. ഇരുവരുടെയും പരിശോധനാഫലം നെഗറ്റീവാണ്‌. 10 ദിവസം കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്‌ ഞായറാഴ്‌ച എൻഐഎ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്‌ച പ്രത്യേക  കോടതി ജഡ്‌ജി പി കൃഷ്‌ണകുമാർ പരിഗണിക്കും.

ഞായറാഴ്‌ച രാവിലെ ബംഗളൂരുവിൽനിന്ന്‌ രണ്ട്‌ വാഹനങ്ങളിലായാണ്‌  പ്രതികളെ  കൊണ്ടുവന്നത്‌.  അന്താരാഷ്‌ട്ര പ്രാധാന്യമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്ന തീവ്രവാദബന്ധം സംശയിക്കുന്നതുമായ കേസിന്റെ  പ്രാധാന്യം കണക്കിലെടുത്താണ്‌ അവധിദിവസവും കോടതി പ്രവർത്തിച്ചത്‌.  എൻഐഎ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണപിള്ള, അഡീഷണൽ എസ്‌പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ എത്തിച്ചത്‌‌.

എൻഐഎ സംഘത്തിന്റെ വരവിന്‌ വഴിയിലുടനീളം കനത്ത പൊലീസ്‌ ബന്തവസ്‌ ഏർപ്പെടുത്തി. വാളയാർമുതൽ കൊച്ചി വരെ പാതയിലും പ്രധാന ജങ്ഷനുകളിലുമെല്ലാം പൊലീസ്‌ നിലയുറപ്പിച്ചു.  എൻഐഎ ആസ്ഥാനത്തിനുമുന്നിൽ ബാരിക്കേഡും ഉയർത്തി. പ്രതിഷേധക്കാരുടെ പ്രകടനം അതിരുവിട്ടപ്പോൾ പൊലീസ്‌ ലാത്തിവീശി.  ഒന്നാം പ്രതി സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും എൻഐഎ റെയ്‌ഡ്‌ നടത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top