20 July Saturday

- പാലാരിവട്ടം മേൽപ്പാലം : നാടൊന്നാകെ സത്യഗ്രഹത്തിന‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിലെ ക്രമക്കേടിന‌് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് എൽഡിഎഫ‌് നേതൃത്വത്തിൽ നടക്കുന്ന ജനകീയ സമരത്തിന‌് പിന്തുണയേറുന്നു. അഴിമതിക്ക് ഉത്തരവാദിയായ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കുക, അഴിമതിക്ക് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ച‌് നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 16–-ാംദിവസത്തിൽ സഹകാരികൾ ഉൾപ്പെടെ നിരവധിപേർ അണിചേർന്നു. വ്യാഴാ‌ഴ‌്ചത്തെ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ‌്ഘാടനം ചെയ‌്തു.

കേരളത്തിന്റെ ചരിത്രത്തിൽ പാലം തകരാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജനകീയസമരം നടക്കുന്നത് ആദ്യമാണെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽപ്പോലും ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചില്ല. അതിനർഥം അദ്ദേഹം സ്വയമേ തെറ്റ് സമ്മതിച്ചുവെന്നാണ്. തങ്ങളുടെ മുന്നണികക്ഷിയായ മുസ്ലിംലീഗിന്റെ നേതാവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനാകുന്നില്ല. ബിജെപിയുടെ അതിമൗനം ഇബ്രാഹിംകുഞ്ഞിന്റെ സമ്പത്ത് കണ്ടുകൊണ്ടാണെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

സമരസമിതി ചെയർമാൻ കെ കെ  സന്തോഷ് ബാബു അധ്യക്ഷനായി. ജോൺ ഫെർണാണ്ടസ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി ആർ  മുരളീധരൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ കെ സുബ്രഹ്മണ്യൻ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, എൻസിപി സംസ്ഥാന സെക്രട്ടറി പി ജെ കുഞ്ഞുമോൻ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ജൂബി എം വർഗീസ്, ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ എം അബ്ദുൾ ജലീൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കച്ചൻ ആലപ്പാട്ട്, കെ ഡി വിൻസന്റ്, എം ഇ അസൈനാർ, കുമ്പളം രവി, കെ എ മസൂദ് എന്നിവർ സംസാരിച്ചു.

വെള്ളിയാഴ‌്ച ജില്ലയിലെ നഗരസഭാ കൗൺസിലർമാരും ജില്ലാ പഞ്ചായത്ത‌് അംഗങ്ങളും സമരത്തിൽ പങ്കെടുക്കും.


പ്രധാന വാർത്തകൾ
 Top