21 September Saturday

കോൺഗ്രസ‌് ജനപ്രതിനിധികൾ വിൽപ്പനച്ചരക്കായി; പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം പരാജയപ്പെട്ടു: യെച്ചൂരി

സ്വന്തം ലേഖികUpdated: Friday Jul 12, 2019

കണ്ണൂർ> കോൺഗ്രസ‌് ജനപ്രതിനിധികൾ വിൽപനച്ചരക്കായി മാറിയെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം   ഇതര സംസ്ഥാന സർക്കാരുകളെ തകർക്കാൻ ബിജെപി പദ്ധതിയിടുമെന്ന‌്  പ്രതീക്ഷിച്ചതാണ‌്. എല്ലായിടത്തും ഭരണം പിടിച്ചെടുക്കാൻ ബിജെപി ഗൂഢമായി ശ്രമിക്കുമ്പോൾ കോൺഗ്രസ‌് നിഷ‌്ക്രിയമാകുന്നു. കർണാടകത്തിലെയും ഗോവയിലെയും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സ്വന്തം ജനപ്രതിനിധികളെ ഒറ്റക്കെട്ടായി നിർത്താൻ അവർക്കാകുന്നില്ല. ഒരോ എംഎൽഎയുടെയും ഇന്നത്തെ വിലനിലവാരമാണ‌് ചർച്ച–- യെച്ചൂരി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

പ്രതിപക്ഷമില്ലാത്ത രാജ്യത്തിനാണ‌് ബിജെപി  ശ്രമിക്കുന്നത‌്. അധികാരം നേടാൻ ഏതറ്റംവരെയും പോകുന്നതാണ‌് ബിജെപി രീതി. ഇതിന്റെ ഭാഗമാണ‌് കർണാടകത്തിലെ കുതിരക്കച്ചവടം. ആർഎസ‌്എസിന്റെ ഹിന്ദുത്വരാഷ്ട്ര സങ്കൽപം യാഥാർഥ്യമാക്കാനാണ‌് നീക്കം. രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണിത‌്. കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെ തകർക്കാനും ബിജെപി എന്തും ചെയ്യും. എന്നാൽ, അത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിച്ച പാരമ്പര്യമാണ‌് കേരളത്തിലെ ജനങ്ങൾക്കുള്ളതെന്നും യെച്ചൂരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top