19 October Saturday

കസ്റ്റഡി മരണം : മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ഇടുക്കി> നെടുങ്കണ്ടം കസ‌്റ്റഡിമരണത്തിൽ ഒരാഴ്ചയ‌്ക്കകം സർക്കാരിന് വിശദ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തെളിവെടുപ്പിന്റെ ഭാഗമായി പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്ഐആർ തുടങ്ങി പൊലീസ് സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കസ്റ്റഡിയിലെടുത്തു. പീരുമേട് ജയിലിൽ തടവുകാരുമായി കമീഷൻ ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ വിജയയുടെ പരാതി രജിസ്റ്റർചെയ്തതായും ചെയർമാൻ അറിയിച്ചു.

കസ്റ്റഡ മരണം ഉണ്ടായ ഉടനെ കമീഷൻ കേസെടുത്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഇതിനുശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ജയിൽമേധാവിയോട‌് നിർദേശിച്ചു.

കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലും കമീഷൻ തെളിവെടുത്തേക്കും. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാനടപടി യഥാസമയം സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.

കുറ്റകൃത്യങ്ങളിൽ പ്രതികളായ 1129 പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി അടിയന്തരമായി അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top