25 August Sunday

കേരള കോൺഗ്രസ് എം ചെയർമാൻ തർക്കം: വാദം 25ന‌് പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

തൊടുപുഴ> കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പു കേസിൽ ഇടുക്കി മുൻസിഫ‌് കോടതിയിൽ വാദം തുടങ്ങി. ജോസഫ‌് പക്ഷത്തിന്റെ വാദത്തിനുശേഷം ജോ‌സ‌് കെ മാണി പക്ഷത്തിന്റെ വാദം ആരംഭിച്ചു. 25ന‌്  പൂർത്തിയാവും.

പാർടി ഭരണഘടന പ്രകാരമല്ല ചെയർമാൻ തെരഞ്ഞെടുപ്പ‌് നടത്തിയതെന്നായിരുന്നു ജോസഫ‌് പക്ഷത്തിന്റെ വാദം. തെരഞ്ഞെടുപ്പിന‌് പത്ത‌ുദിവസം മുമ്പ‌് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക‌് നോട്ടീസ‌് നൽകണമെന്ന ചട്ടം എതിർഭാഗം ലംഘിച്ചു. ചെയർമാന്റെ നിർദേശപ്രകാരം ജനറൽ സെക്രട്ടറിയാണ‌് യോഗം വിളിക്കേണ്ടത‌്.

എന്നാൽ, വർക്കിങ‌് ചെയർമാന്റെ നിർദേശമില്ലാതെ വിളിച്ച യോഗത്തിൽ കൃത്രിമ രേഖകൾ ചമച്ചാണ‌് തെരഞ്ഞെടുപ്പ‌് നടത്തിയതെന്നും ജോസഫ‌് പക്ഷത്തിനുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. കൃത്രിമമായി സീൽ നിർമിച്ച‌് കോടതിയിൽ ജോസ‌് വിഭാഗം ഹാജരാക്കിയെന്നും അവർ ബോധിപ്പിച്ചു.

നിയമപ്രകാരമാണ‌് ചെയർമാൻ തെരഞ്ഞെടുപ്പ‌് നടത്തിയതെന്ന വാദം തന്നെയാണ‌് ജോസ‌് കെ മാണി പക്ഷവും കോടതിയിൽ ഉന്നയിച്ചത‌്. സംസ്ഥാന സമിതിയിലെ നാലിലൊന്ന‌് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാത്ത സാഹചര്യത്തിൽ ഭൂരിപക്ഷ തീരുമാനപ്രകാരം യോഗം ചേർന്ന‌് ജോസ‌് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. നിയമപ്രകാരം നോട്ടീ‌സ‌് നൽകിയിരുന്നു. നാലിൽ മൂന്നംഗങ്ങളുടെ പിന്തുണയും ലഭിച്ചതായി കോടതിയെ ബോധിപ്പിച്ചു.

ജോസഫ‌് പക്ഷത്തിനുവേണ്ടി പീറ്റർ വി ജോസഫ‌്, പി ബി കൃഷ‌്ണൻ ജോസി ജേക്കബ‌് എന്നിവരും ജോസ‌് പക്ഷത്തിനുവേണ്ടി ജോണി പുളിക്കൻ, ഹരികുമാർ എന്നിവരും ഹാജരായി.


പ്രധാന വാർത്തകൾ
 Top