25 August Sunday

അഴിമതി അന്വേഷണ റിപ്പോർട്ട‌് ജമാഅത്ത‌് നേതൃത്വം തള്ളി; പ്രവർത്തകർക്ക്‌ അമർഷം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


കോഴിക്കോട‌്
മുഖപത്രമായ മാധ്യമത്തിൽ കോടികളുടെ അഴിമതി നടന്നതായ അന്വേഷണ റിപ്പോർട്ട‌് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉന്നതാധികാര സമിതി (ശൂറ കൗൺസിൽ) തള്ളി. റിപ്പോർട്ട‌് ഏകപക്ഷീയമാണെന്ന‌് പറഞ്ഞാണ‌് ഒഴിവാക്കിയത‌്. അതേസമയം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ‌് നേതൃത്വത്തിന്റെ തീരുമാനമെന്ന‌് ആക്ഷേപിച്ച‌് ജമാഅത്തിൽ എതിർപ്പും ഭിന്നതയും ശക്തമായി. സംസ്ഥാന അമീറടക്കമുള്ളവർക്കെതിരായാണ‌് വിമർശം. റിപ്പോർട്ട‌് പരസ്യപ്പെടുത്തിയ ശൂറ കൗൺസിൽ അംഗം ഖാലീദ‌് മൂസ നദ‌്‌വിയെ പിന്തുണച്ചാണ‌് കീഴ‌്ഘടകങ്ങളിലുയരുന്ന അഭിപ്രായങ്ങൾ.

നാലംഗ സമിതിയുടെ റിപ്പോർട്ട‌് ഏകപക്ഷീയമെന്ന‌് പറഞ്ഞാണ‌് ജമാഅത്തിലെ ഉന്നതർ തള്ളിയത‌്. റിപ്പോർട്ടിന‌് പകരം സംസ്ഥാന അമീർ എം എസ‌് അബ്ദുൾ അസീസ‌് മറ്റൊരു റിപ്പോർട്ടുണ്ടാക്കി. അതാണ‌് ശൂറ കൗൺസിൽ അംഗീകരിച്ചത‌്. ആദ്യ റിപ്പോർട്ട‌് അബ്ദുൾ ഹക്കീം നദ‌്‌വി, കൂട്ടിൽ മുഹമ്മദാലി, കെ എസ‌് യൂസഫ‌് ഉമരി, ടി മുഹമ്മദ‌് വേളം എന്നിവർ ചേർന്നാണ‌് തയ്യാറാക്കിയിരുന്നത‌്. മാധ്യമത്തിൽ സ്ഥലമെടുപ്പ‌്, യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ തട്ടുകളിൽ കോടികളുടെ ക്രമക്കേട‌് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

അഴിമതിക്ക‌് പിന്നിൽ ജമാഅത്ത‌് ഉന്നതരുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണെന്ന‌് ആ ക്ഷേപമുണ്ട‌്. അതിനാൽ ഈ റിപ്പോർട്ട‌് പൂഴ‌്ത്തിവയ‌്ക്കാൻ ആദ്യഘട്ടത്തിൽ നേതൃത്വം ശ്രമിച്ചു. എന്നാൽ ആക്ഷേപം ശക്തമായതോടെ മെയ‌് മാസമാദ്യം ശൂറ കൗൺസിൽ റിപ്പോർട്ട‌് ചർച്ചചെയ‌്തു. ഈ ചർച്ചക്ക‌് പിന്നാലെ റിപ്പോർട്ട‌്ചോർന്നു. നേതൃത്വം റിപ്പോർട്ട‌് പുറത്തുവിടില്ലെന്നതിനാൽ ശൂറ കൗൺസിൽ അംഗം ഖാലീദ‌് മൂസ നദ‌്‌വിയാണ‌് പുറത്തുവിട്ടത‌്. ഇതോടെ ഖാലീദിനെ ശൂറയിൽനിന്ന‌് പുറത്താക്കി. തുടർന്നാണ‌് ശൂറ കൗൺസിൽ റിപ്പോർട്ട‌് വിശദചർച്ചക്കെടുത്ത‌ത‌്. ഈ യോഗം ‘ഏകപക്ഷീയ റിപ്പോർട്ട‌്’പഠിക്കാൻ അമീർ അബ്ദുൾ അസീസിനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിൽ ആരോപിതരായവരോട‌് വിശദീകരണമില്ല. അതിനാൽ അംഗീകരിക്കാനാകില്ലെന്നായിരുന്നു അമീറിന്റെ കണ്ടെത്തൽ. ഇതാണിപ്പോൾ കീഴ‌്ഘടകങ്ങൾക്ക‌് നൽകുന്നത‌്.

എന്നാൽ സത്യസന്ധമായ റിപ്പോർട്ട‌് നേതൃത്വം തിരുത്തിയെന്നാണ‌് പ്രവർത്തകരിൽ ഒരുവിഭാഗത്തിന്റെ ആരോപണം. ഇതിൽ യുവജന സംഘടനയായ സോളിഡാരിറ്റി നേതാക്കളിലടക്കം വിയോജിപ്പ‌ുണ്ട‌്. എന്നാൽ റിപ്പോർട്ട‌് അന്വേഷണ സമിതി അംഗങ്ങളടക്കം അംഗീകരിച്ചാണ‌് പുതുക്കിയതെന്ന‌് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി ടി അബ്ദുള്ളക്കോയ ‘ദേശാഭിമാനി’യോട‌് പറഞ്ഞു. ഇക്കാര്യത്തിൽ ജമാഅത്തിന‌് മറച്ചുവയ‌്ക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top