16 September Monday

ഓപ്പൺ സർവകലാശാല അടുത്ത വർഷം:കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


സ്വന്തം ലേഖിക
സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല അടുത്ത അധ്യയനവർഷം പ്രവർത്തനം ആരംഭിക്കുമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. നിലവിലെ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. സർവകലാശാലകളിൽ പ്രൈവറ്റ‌് രജിസ‌്ട്രേഷൻ ഇക്കൊല്ലം അവസാനിക്കും. നിലവിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ‌് രജിസ‌്ട്രേഷൻ വിദ്യാർഥികൾ ഓപ്പൺ സർവകലാശാല വിദ്യാർഥികളാകും.

സർവകലാശാലകളുടെ ജോലിഭാരം കുറയ്ക്കാനും പരീക്ഷാ നടത്തിപ്പ‌്, ഫലപ്രഖ്യാപനം തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത‌് സഹായിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത‌് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടപ്പാക്കുന്ന 17 ബിരുദ കോഴ‌്സുകളും 15 ബിരുദാനന്തര കോഴ‌്സുകളും രണ്ട‌് സർട്ടിഫിക്കറ്റ‌് കോഴ‌്സുകളും ഓപ്പൺ സർവകലാശാലയിലേക്ക‌് മാറും. മാനവിക, സയൻസ‌് വിഷയങ്ങളിൽ പുതിയ കോഴ‌്സുകൾ ആരംഭിക്കും. സർക്കാർ, എയ‌്ഡഡ‌് കോളേജുകളിലെ ലാബ‌് സംവിധാനങ്ങളും മറ്റ‌് സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. തൊഴിൽ അധിഷ്ഠിത, നൈപുണ്യ വികസന കോഴ‌്സുകളും മൂക്ക‌് കോഴ‌്സുകളും (മാസ്സീവ‌് ഓപ്പൺ ഓൺലൈൻ കോഴ‌്സ‌്) തുടങ്ങും.

കേരള, കലിക്കറ്റ‌്, കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 വിദ്യാർഥികൾക്കും കേരള, എം ജി സർവകലാശാലകളിലെ 25,488 പ്രൈവറ്റ‌് രജിസ‌്ട്രേഷൻ വിദ്യാർഥികൾക്കും സാക്ഷരതാ മിഷൻ പ്ലസ‌് ടു തുല്യതാ പരീക്ഷ പാസ്സായ 30,000ത്തോളം വിദ്യാർഥികൾക്കും ഓപ്പൺ സർവകലാശാല പ്രയോജനം ചെയ്യും. പ്രവേശനം, പരീക്ഷാ നടത്തിപ്പ‌്, മൂല്യനിർണയം, ഭരണസംവിധാനം എന്നിവ പൂർണമായും ഓൺലൈനാകും. നിലവിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജീവനക്കാർ ഓപ്പൺ സർവകലാശാല ജീവനക്കാരാകും.

ഓപ്പൺ സർവകലാശാലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തും. സർക്കാർ നിയന്ത്രിത സർവകലാശാല എന്ന നിലയിൽ ഓപ്പൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകൾ മറ്റ‌് സർവകലാശാലകൾ അംഗീകരിക്കണമെന്ന‌് നിഷ‌്കർഷിക്കും. പിഎസ‌്‌സിയെക്കൊണ്ടും ഓപ്പൺ കോഴ‌്സുകൾ അംഗീകരിപ്പിക്കാൻ ശ്രമിക്കും. യുജിസി അംഗീകാരം ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ ഈ വർഷംതന്നെ പൂർത്തിയാക്കി അടുത്ത അധ്യയന വർഷത്തിന്റെ ആരംഭത്തിൽത്തന്നെ ക്ലാസ്സുകൾ തുടങ്ങാനാണ‌് ഉദ്ദേശിക്കുന്നത‌്. സർവകലാശാല ആസ്ഥാനം മുതലായ കാര്യങ്ങൾ പിന്നീട‌് തീരുമാനിക്കും.

സർവകലാശാല പ്രാരംഭ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച  സ്പെഷ്യൽ ഓഫീസർ ഡോ. ജെ പ്രഭാഷ‌് ബുധനാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക‌് റിപ്പോർട്ട‌് സമർപ്പിച്ചു.  ജീവനക്കാരുടെ പുനർവിന്യാസം ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച‌് റിപ്പോർട്ടിൽ നിർദേശമുണ്ട‌്. സർവകലാശാല നിയമ നിർമാണത്തിന‌് ആവശ്യമായ ബില്ലിന്റെ കരടും റിപ്പോർട്ടിനൊപ്പമുണ്ട‌്. റിപ്പോർട്ട‌് പഠിച്ച‌് പ്രാരംഭ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top