16 September Monday

അരുണാചൽ വിമാനാപകടം : ഉറ്റവരെ കാത്ത്‌ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


അരുണാചൽപ്രദേശിലെ ലിപോയിൽ തകർന്നുവീണ എയർഫോഴ്സ് വിമാനത്തിലുള്ളവരെക്കുറിച്ച് വിവരങ്ങളറിയാതെ ഉള്ളുരുകി ബന്ധുക്കളും നാട്ടുകാരും. തകർന്ന വിമാനത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ എയർഫോഴ്സ് നാവിഗേറ്ററായ തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി നടുവിലാർമഠത്തിൽ പരേതനായ ഹരിഹരന്റെ മകൻ  വിനോദും (32) ഉൾപ്പെടുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതൊഴികെ മറ്റു വിവരങ്ങളൊന്നും എയർഫോഴ്സിൽ നിന്ന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് വിനോദിന്റെ അമ്മ തങ്കമണി  പറഞ്ഞു. വിനോദിന്റെ ഭാര്യ രുഗ്മിണിയും അമ്മ തങ്കമണിയും  ഇപ്പോൾ കോയമ്പത്തൂർ സിങ്കാനെല്ലൂർ വിദ്യാവിഹാർ എൻക്ലേവിലാണ് താമസിക്കുന്നത്. അസമിലെ ജോർഹാട്ടിൽ നിന്നാണ് ജൂൺ മൂന്നിന് പകൽ 12ന് അരുണാചൽ പ്രദേശിലെ മച്ചുകയിലുള്ള ചൈനീസ് അതിർത്തിൽ ജോലി ചെയ്യുന്ന സൈനികർക്കുള്ള ഭക്ഷണ സാധനങ്ങളുമായി എയർഫോഴ്സ് വിമാനം പുറപ്പെട്ടത്.

പത്തുദിവസത്തെ അന്വേഷണത്തിനൊടുവിലാണ്ു വനമേഖലയിൽ വിമാനം തകർന്നു വീണതിന്റെ അവശിഷ്ടങ്ങൾ  കണ്ടെത്തിയത്ി. വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. വിനോദിന് കുറച്ചുകാലമായി എയർഫോഴ്സിന്റെ കോയമ്പത്തൂർ  സുളൂരിലെ ക്യാമ്പിലായിരുന്നു ജോലി. സ്ക്വാഡ്രന്റ് ലീഡർ റാങ്കിലുള്ള നാവിഗേറ്ററാണ് വിനോദ്. പരിശീലനാർഥമാണ് അസമിൽ പോയത്.  വിനോദിന്റെ പെരിങ്ങണ്ടൂരിലെ തറവാട്ട് വീട് അടച്ചിട്ടിരിക്കയാണ്. വല്ലപ്പോഴും വിനോദും എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റ് ആയ സഹോദരൻ വിവേകും അമ്മ തങ്കമണിയും പെരിങ്ങണ്ടൂരിലെത്താറുണ്ട്. 

അച്ഛൻ ഹരിഹരൻ പ്രതിരോധ മന്ത്രാലയത്തിൽ അക്കൗണ്ട്സ് വിഭാഗം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വർഷം മുമ്പ് മരിച്ചു. വിനോദും സഹോദരൻ വിവേകും അച്ഛന്റെ ജോലി സ്ഥലങ്ങളിൽനിന്നാണ് പഠിച്ചത്.


പ്രധാന വാർത്തകൾ
 Top