21 September Saturday

തെറ്റിദ്ധാരണ തിരുത്തും: എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും ബിജെപിയുടെയും  കുപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടവരെ  ഒപ്പം നിർത്താൻ എൽഡിഎഫ‌് ഒറ്റക്കെട്ടായും  ഘടകകക്ഷികൾ ഒറ്റയ‌്ക്കൊറ്റയ‌്ക്കും വിപുലമായ പ്രവർത്തനം സംഘടിപ്പിക്കുമെന്ന‌്  കൺവീനർ എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  എൽഡിഎഫ‌്  യോഗ ശേഷം വാർത്താസമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ ജനവിധി ഉണ്ടായിട്ടില്ല. സമൂഹത്തിൽ നല്ല അഭിപ്രായമാണ‌്  സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ളത‌്. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നത‌് ചർച്ച ചെയ്യാൻ എൽഡിഎഫ‌് പ്രത്യേക യോഗം ചേരും. വളരെയേറെ   നല്ലകാര്യങ്ങൾ ചെയ‌്തെങ്കിലും അത‌് വോട്ടായി മാറിയില്ല.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടത്തിയത‌്  മോഡിക്കും ബിജെപിയുടെ തീവ്രവർഗീയതയ‌്ക്കും എതിരായ പ്രചാരണമായിരുന്നു. എന്നാൽ ഈ പ്രചാരണത്തിന്റെ ഗുണം ലഭിച്ചത‌് യുഡിഎഫിനാണ‌്. മോഡിക്കെതിരായ പ്രചാരണം ശക്തിപ്പെട്ടപ്പോൾ കേന്ദ്രത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വിശേഷം വരുന്നുവെന്നും  രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ പോകുന്നുവെന്നും പ്രചാരണം വന്നു. ഇതും യുഡിഎഫിന‌് അനുകൂലമായി.

സുപ്രീംകോടതി വിധിയെ തുടർന്ന‌് ശബരിമലയിൽ സംജാതമായ സാഹചര്യം സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിട്ട‌് തെരഞ്ഞെടുപ്പിൽ നടത്തിയ കള്ളപ്രചാരണത്തെ മുറിച്ചു കടക്കാൻ എൽഡിഎഫിന‌് കഴിഞ്ഞില്ല. തിരിച്ചടി താൽക്കാലികമാണ‌്. ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കും. ജനകീയ വിഷയങ്ങൾ ഉയർത്തി വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top