18 June Tuesday

ബാലഭാസ‌്കറിനെ കണ്ടത‌് പിൻസീറ്റിലെന്ന‌് കൊല്ലം സ്വദേശികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

തിരുവനന്തപുരം
കൊല്ലം പള്ളിമുക്കിൽ ജ്യൂസ‌് കുടിക്കാൻ വാഹനം നിർത്തുമ്പോൾ ബാലഭാസ‌്കർ ഇരുന്നിരുന്നത‌് പിൻസീറ്റിൽ ആയിരുന്നെന്ന‌് സാക്ഷികൾ. കൊല്ലം സ്വദേശികളായ ലാൽകൃഷ‌്ണ, അഖിൽ, വിനു എന്നിവരാണ‌് ക്രൈംബ്രാഞ്ചിന‌് മൊഴി നൽകിയത‌്. ഡ്രെവിങ‌് സീറ്റിൽ അർജുനെ കണ്ടതായും മൊഴി നൽകി.

ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയശേഷം വീട്ടിലേക്ക‌് മടങ്ങുകയായിരുന്നു. ഇതിനിടെയാണ‌് ജ്യൂസ‌് കുടിക്കാൻ പള്ളിമുക്കിൽ ഇറങ്ങിയത‌്. ആ സമയമാണ‌് ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത‌്. ഡ്രൈവിങ‌് സീറ്റിൽ ഇരുന്ന അർജുൻ കടയിലേക്ക‌് വന്നു. അകത്തുള്ളത‌് ആരെന്ന‌്  നോക്കിയപ്പോഴാണ‌് ബാലഭാസ‌്കറിനെ കണ്ടത‌്. പിൻസീറ്റിൽ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട‌് പരിചിതമുഖമായതിനാൽ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വളരെ വേഗം ജ്യൂസ‌് കുടിച്ച‌് ബാലഭാസ‌്കറും കുടുംബവും മടങ്ങി. പള്ളിമുക്കിൽ നിന്ന‌് തിരിക്കുമ്പോഴും വാഹനം ഓടിച്ചത‌് ബാലഭാസ‌്കർ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അർജുൻ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.

മൂന്നുപേരെയും ഒരുമിച്ചും അല്ലാതെയും മൊഴി എടുത്തു. ഒരേ മൊഴി തന്നെയാണ‌് ലഭിച്ചത‌്. അർജുന്റെ ചിത്രം മൂന്നുപേരും തിരിച്ചറിഞ്ഞു. ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മിയുടെ വാക്കുകൾ സാധൂകരിക്കുന്നതാണ‌് ഈ മൊഴി. വാഹനം ഓടിച്ചത‌് ബാലഭാസ‌്കർ അല്ലെന്നും അർജുനാണെന്നുമായിരുന്നു ലക്ഷ‌്മി പറഞ്ഞത‌്. അപകടത്തിന‌് ശേഷം ആശുപത്രിയിൽ  പ്രവേശിപ്പിച്ചവേളയിൽ താൻ തന്നെയാണ‌് ഓടിച്ചിരുന്നതെന്ന‌് പറഞ്ഞ അർജുൻ പിന്നീട‌ിത‌് മാറ്റി പറയുകയായിരുന്നു.  ആദ്യം രക്ഷാപ്രവർത്തനം നടത്തിയ നന്ദു അടക്കമുള്ളവർ വാഹനം ഓടിച്ചത‌് അർജുനാണെന്ന‌് തിരിച്ചറിഞ്ഞിട്ടുണ്ട‌്. എന്നാൽ, പള്ളിമുക്കിൽനിന്ന‌് തിരിച്ചശേഷം എവിടെയെങ്കിലുംവച്ച‌് ബാലഭാസ‌്കർ വാഹനം ഓടിച്ചിരുന്നോയെന്ന‌് ക്രൈംബ്രാഞ്ച‌് പരിശോധിക്കുന്നുണ്ട‌്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട‌്.

ഇതേസമയം,  പ്രധാനസാക്ഷികളുടെ രഹസ്യമൊഴി മജിസ‌്ട്രേട്ടിന‌് മുന്നിൽ എത്തിച്ച‌് രേഖപ്പെടുത്താൻ അന്വേഷകസംഘം തീരുമാനിച്ചു. ആദ്യം രക്ഷാപ്രവർത്തനം നടത്തിയ നന്ദു ഉൾപ്പെടെയുള്ളവരാണ‌് പ്രധാന സാക്ഷികളുടെ പട്ടികയിലുള്ളത‌്. 70 സാക്ഷികളുടെ മൊഴി ഇതിനകം  ക്രൈംബ്രാഞ്ച‌് രേഖപ്പെടുത്തിയിട്ടുണ്ട‌്. ഇത‌് പരിശോധിച്ചാണ‌് പ്രധാന സാക്ഷികളുടെ പട്ടിക തയ്യാറാക്കിയത‌്. ബാലഭാസ‌്കറിന്റെ  ആസ‌്തികളുടെ രേഖകൾ ലഭ്യമാക്കാൻ കലക്ടർക്കും ബാങ്കുകൾക്കും കത്ത‌് നൽകി.

ഫോറൻസിക‌് റിപ്പോർട്ട‌് ലഭ്യമാകുന്നതോടെ അപകടസമയത്ത‌് വാഹനം ഓടിച്ചിരുന്നത‌് അർജുൻ ആണോയെന്ന‌് ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ‌് ക്രൈംബ്രാഞ്ച‌്. പരിശോധനാഫലം ഉടൻ കൈമാറുമെന്ന‌് ഫോറൻസിക‌് വിഭാഗം അറിയിച്ചു. അർജുന്റെ വിരലടയാളം, മുടി, രക്തം എന്നിവയുടെ സാമ്പിളുകൾ ഡ്രൈവിങ‌് സീറ്റിൽനിന്നു ലഭിച്ച സാമ്പിളുകളുമായി താരതമ്യപഠനം നടത്തിയാണ‌് റിപ്പോർട്ട‌്  തയ്യാറാക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top