26 March Tuesday

നിപാ പുറത്ത‌് ; ചങ്ങരോത്തേക്ക്‌ കുട്ടിക്കൂട്ടമെത്തുന്നു

ആർ രഞ‌്ജിത‌്Updated: Tuesday Jun 12, 2018

നിപാ പ്രഭവകേന്ദ്രത്തിലുള്ള കോഴിക്കോട്‌ ജില്ലയിലെ ചങ്ങരോത്ത്‌ എം യു പി സ്‌കൂളിൽ പ്രവേശനോത്സവത്തിനുള്ള തയ്യാറെടുപ്പ്. ഫോട്ടോ കെ എസ്‌ പ്രവീൺ കുമാർകോഴിക്കോട‌്
ചങ്ങരോത്ത‌് എംയുപി സ‌്കൂൾ ലക്ഷ്യമിട്ടായിരുന്നു യാത്ര. നിപാ വൈറസിന്റെ പ്രഭവകേന്ദ്രത്തിലെ സ‌്കൂൾ. കോഴിക്കോട്ടുനിന്നും പേരാമ്പ്ര വഴി 50 കിലോമീറ്റർ. കടിയങ്ങാടെത്തി പെരുവണ്ണാമുഴിക്കുള്ള റോഡ‌്. ആ വഴി പോയാൽ വൈറസ‌് പടർന്ന കാലത്ത‌് സ്ഥിരം കേട്ട പേരുകൾ. സൂപ്പിക്കടയും ചങ്ങരോത്തും പന്തിരിക്കരയും. 

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച വീടിന‌് വിളിപ്പാടകലെ സ‌്കൂൾ അണിഞ്ഞൊരുങ്ങുന്നു, പ്രവേശനോത്സവത്തിന‌്. മൂന്ന‌് ഏക്കറോളം സ്ഥലത്ത‌് പരന്നുകിടക്കുന്ന സ‌്കൂൾ വളപ്പ‌്. വിശാലമായ മൈതാനം. അവിടെ ഹെഡ‌്മിസ‌്ട്രസ‌് കെ ആശാലതയുടെ നേതൃത്വത്തിൽ അധ്യാപകർ  കുട്ടികളെ വരവേൽക്കാൻ ഗംഭീര തയ്യാറെടുപ്പിലാണ‌്. ‘ഇവിടെ ആർക്കും നിപാ പേടിയില്ല. മുറ്റം നിറയെ കുട്ടികളാണ‌്. ഇത്തവണ ഒന്നാം ക്ലാസിലേക്ക‌് 38 പേരുണ്ട‌്. അതിനിയും കൂടും.’

ചങ്ങരോത്ത‌് ഹിദായത്തുൽ ഇസ്ലാം മദ്രസാ മാനേജ‌്മെന്റിനാണ‌് സ‌്കൂളിന്റെ മേൽനോട്ടം. സ‌്കൂളിനോട‌ു ചേർന്ന‌് പ്രവർത്തിക്കുന്ന ഹിദായ പ്രീപ്രൈമറി സ‌്കൂളിൽ എൽകെജിയിലേക്ക‌് കുട്ടികളുടെ തള്ളിക്കയറ്റമാണ‌്.
എൽകെജിയിൽ 40, യുകെജിയിൽ 32. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ 358 കുട്ടികൾ. സ‌്കൂളിലേക്കുള്ള കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ട‌്. മുപ്പതോളം കുട്ടികൾ ഇംഗ്ലീഷ‌് മീഡിയത്തിൽനിന്നും മാറിയെത്തി. ഇക്കുറി ഒരു ഡിവിഷനും കൂടി.

ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ സ‌്കൂളിൽ ശുചീകരണം നടത്തിയതായി മാനേജ‌്മെന്റ‌് പ്രതിനിധിയായ അധ്യാപകൻ എം കെ നിസാർ പറഞ്ഞു.  ‘എല്ലാ ക്ലാസ‌് മുറികളും കഴുകി വൃത്തിയാക്കി. കിണറുകൾ ശുചിയാക്കി. രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു. പുറത്തുള്ള ആശങ്ക ഈ പ്രദേശത്ത‌് ആർക്കുമില്ല’. 

കുട്ടികൾക്ക‌് ആദ്യദിവസം വിപുലമായ സ്വീകരണമാണ‌് നൽകുകയെന്ന‌് സ‌്റ്റാഫ‌് സെക്രട്ടറി എൻ സി അബ‌്ദുറഹ‌്മാനും അധ്യാപകനായ വി എം ബാബുവും  പറഞ്ഞു. ‘ആർക്കും ഒരു പേടിയും വേണ്ട. കുഞ്ഞുങ്ങളെ ധൈര്യത്തോടെ അയക്കാം. ഞങ്ങളുടെയെല്ലാം കുട്ടികൾ ഇവിടെയാണ‌് പഠിക്കുന്നത‌്.’  ഭക്ഷണപ്പുരയൊരുക്കുന്ന തിരക്കിനിടയിലും രണ്ട‌ു മക്കളുടെ അച്ഛനായ ദാമോദരൻ അത‌് ശരിവച്ചു.

നിപാ ബാധിച്ച‌് മരിച്ച മൂസയും മക്കളായ മുഹമ്മദ‌് സാബിത്തും സാലിഹും പഠിച്ചത‌് ഈ സ‌്കൂളിലായിരുന്നു.  ഇവരുടെ വീട്ടിലേക്ക‌് സ‌്കൂൾ മുറ്റത്തുനിന്നും 500 മീറ്റർ മാത്രം. അതൊന്നും ആരെയും ഭയപ്പെടുത്തുന്നില്ല. ചങ്ങരോത്തും സൂപ്പിക്കടയും പന്തിരിക്കരയും സാധാരണപോലെ. വഴിനീളെ അർജന്റീനക്കും ബ്രസീലിനും ആശംസകളുമായി ബോർഡുകൾ. എല്ലാവരും നിപാ വിട്ട‌് ലോകകപ്പിലേക്ക‌്. സർക്കാർ നൽകിയ ആത്മവിശ്വാസവും വൈറസിനെക്കുറിച്ച‌് ആരോഗ്യവകുപ്പ‌് നൽകിയ വ്യക്തമായ വിവരങ്ങളും ജനങ്ങളുടെ ഭീതിയകറ്റി. നിപായുടെ തുടക്കത്തിൽ വിജനമായിരുന്ന പേരാമ്പ്ര തിരക്കിലമർന്നു. സമീപത്തുള്ള അത്തോളിയും ഉള്ള്യേരിയും നടുവണ്ണൂരും പെരുന്നാളൊരുക്കം തുടങ്ങി. 

കോഴിക്കോട‌് പഴയ പ്രതാപം വീണ്ടെടുത്തു. തെരുവുകളിൽ തിരക്കേറി. തുണിക്കടകളും സിനിമാശാലകളും ഷോപ്പിങ‌് മാളുകളും  സജീവം. കടപ്പുറത്തും പാർക്കുകളിലും മാർക്കറ്റിലും ആൾക്കൂട്ടം. മാനാഞ്ചിറ സ‌്ക്വയറും മിഠായിത്തെരുവും പാളയവും ഉത്സാഹം വീണ്ടെടുത്തിരിക്കുന്നു. ചൊവ്വാഴ‌്ച സ‌്കൂൾ തുറക്കുന്നതിനൊപ്പം പൊതുപരിപാടികൾക്കുള്ള നിയന്ത്രണങ്ങളും നീങ്ങുന്നതോടെ കോഴിക്കോട‌് വീണ്ടും പഴയ കോഴിക്കോടാകും.

പ്രധാന വാർത്തകൾ
 Top