22 April Monday

കോട്ടയത്ത‌് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ് തയ്യാറുണ്ടോ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018


സ്വന്തം ലേഖകൻ
ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുന്ന പശ്ചാത്തലത്തിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസ് എമ്മും തയ്യാറുണ്ടോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന‌് തിരിച്ചറിഞ്ഞതോടെയാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു. “ജാത്യാചാര വേട്ട’യ്ക്കെതിരെ പട്ടികജാതി ക്ഷേമസമിതി കോട്ടയത്ത് സംഘടിപ്പിച്ച മാനവികസംഗമ സദസ്സ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസുകാർക്ക് നട്ടെല്ലുണ്ടെങ്കിൽ ജോസ് കെ മാണിക്കെതിരെ സ്ഥാനാർഥിയെ നിർത്തണം. അങ്ങനെചെയ്താൽ മറ്റുകാര്യങ്ങൾ അപ്പോൾ ആലോചിക്കാം. കോട്ടയം മണ്ഡലത്തിൽ ഇനി ഒരു വർഷത്തേയ്ക്ക് എംപിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ ഏഴുകോടിയുടെ ആസ്തിവികസനഫണ്ട് മണ്ഡലത്തിന് നഷ്ടമാകും. “ഡബിൾ റോൾ’ അഭിനയിച്ച് ജോസ് കെ മാണി  വോട്ട് ചെയ്ത ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇനി രക്ഷയില്ലെന്ന് കോൺഗ്രസിനും യുഡിഎഫിനും മനസ്സിലായി. ഇനി ഇടതുപക്ഷത്തിനേ ഇവിടെ പ്രസക്തിയുള്ളൂവെന്ന് ചെങ്ങന്നൂരിലെ വോട്ടർമാരിലൂടെ ജനങ്ങൾ പ്രതികരിച്ചു.
ബാർകോഴ കേസിൽ കോൺഗ്രസ് പിന്നിൽ നിന്നും കുത്തിയെന്ന് പറഞ്ഞാണ് കെ എം മാണി യുഡിഎഫ് വിട്ടത്.

“സ്നേഹം തിരിച്ചുകിട്ടി’യെന്നാണ് ഇപ്പോൾ മാണി പറയുന്നത്. എന്താണ് ആ സ്നേഹമെന്ന് വ്യക്തമാക്കണം. ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയാണ് തനിക്കെതിരെ ബാർ കോഴ കേസ് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് മാണി അന്ന് യുഡിഎഫ് വിട്ടത്. കോൺഗ്രസിൽനിന്ന് അന്ന് കിട്ടിയ കുത്തിന്റെ വേദനമാറിയോയെന്ന് മാണി പറയണം.

മാണി തിരിച്ചെത്തിയപ്പോൾ കോൺഗ്രസിൽ കൂട്ടയടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്നത് ചക്കളത്തിപ്പോരാട്ടം മാത്രമാണ്. രാഷ്ട്രീയപ്രശ്നമല്ലത്. സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള കലഹം. ഈ തമ്മിലടി കണ്ട് കേരളം കോൺഗ്രസിനെയും യുഡിഎഫിനെയും വിലയിരുത്തും. ചെങ്ങന്നൂർ തോൽവിയോടെ യുഡിഎഫിന്റെ നേതൃത്വം ലീഗിനാണ്. അവർ പറഞ്ഞവർക്കാണ് രാജ്യസഭാസീറ്റ് കൊടുത്തത്. കോൺഗ്രസുകാർക്ക് സ്ഥാനാർഥിയാകണമെങ്കിൽ പാണക്കാട് പോയി തപസിരിക്കേണ്ട ഗതികേടാണ്. അത് മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം ഡിസിസി ഓഫീസിൽ ലീഗിന്റെ പതാക ഉയർത്തിയത്. 

നിയമസഭാ പ്രതിപക്ഷ ഉപനേതൃസ്ഥാനം കോൺഗ്രസിൽനിന്നും വാങ്ങിയെടുത്തപ്പോൾ തന്നെ ലീഗ് യുഡിഎഫിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇന്ന് പ്രതിഷേധം പ്രകടിപ്പിക്കുന്ന കോൺഗ്രസ‌് യുവ എംഎൽഎമാർ അന്നെവിടെയായിരുന്നു‐ കോടിയേരി ചോദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top