18 August Sunday

ആത്മവിശ്വാസത്തോടെ എൽഡിഎഫ‌്; പ്രചാരണം മൂന്നാംഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019


കെ ശ്രീകണ‌്ഠൻ
പ്രചാരണത്തിലെ മേൽക്കൈയും ചിട്ടയും പകർന്ന വർധിതമായ ആത്മവിശ്വാസവും ആവേശവും കൈമുതലാക്കി എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനം മൂന്നാം ഘട്ടത്തിലേക്ക‌് കടന്നു. സ‌്ക്വാഡ‌ുകളുടെ ഗൃഹസന്ദർശനവും നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വൻ റാലികളും എൽഡിഎഫ‌് നേതാക്കളുടെ പര്യടനവും ഒക്കെ ചേർന്ന‌് പ്രവർത്തകർ വലിയ ആവേശത്തിലാണ‌്.

രണ്ട‌ുലക്ഷം മഹിളാ, യുവജന സ‌്ക്വാഡുകൾ പ്രചാരണരംഗത്ത‌് സജീവമായി മുന്നേറുകയാണ‌്‌. തെരഞ്ഞെടുപ്പിലെ രാഷ‌്ട്രീയ ആശയ പ്രചാരണം ലക്ഷ്യമിട്ട‌് സംസ്ഥാനവ്യാപകമായി രണ്ടായിരം റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കും. 17,18,19 തീയതികളിൽ പഞ്ചായത്ത‌ുതലത്തിലാണ‌് പരിപാടി. ഒരു മണ്ഡലത്തിൽ ചുരുങ്ങിയത‌് എഴുപത‌് റാലിയും പൊതുസമ്മേളനങ്ങളും നടത്തും. യുഡിഎഫിന‌് മേൽക്കൈ നൽകാനായി പുറത്തുവന്ന സർവേ റിപ്പോർട്ടുകളെ പാടെ തള്ളിക്കളഞ്ഞ‌് മുന്നേറാനാണ‌് എൽഡിഎഫ‌് തീരുമാനം. സർവേകൾക്ക‌ുപിന്നിൽ വൻകിട വ്യവസായ ഗ്രൂപ്പുകളുടെ താൽപ്പര്യമാണുള്ളതെന്ന‌് പ്രവർത്തകർക്ക‌് ബോധ്യമാണ‌്. 

20 മണ്ഡലത്തിലും എൽഡിഎഫ‌് സ്ഥാനാർഥികൾ ബഹുദൂരം മുമ്പിലാണ‌്. തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിന‌ുമുമ്പ‌് പ്രചാരണരംഗത്ത‌് സജീവമാകാൻ കഴിഞ്ഞതിനാൽ ലക്ഷക്കണക്കിന‌് വോട്ടർമാരുമായി സ്ഥാനാർഥികൾക്ക‌് നേരിട്ട‌് സംവദിക്കാനായി. വിജയത്തിന‌് ഇത‌് വലിയതോതിൽ വഴിയൊരുക്കുമെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. 

സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം പ്രകടമല്ലെന്നതാണ‌് മറ്റൊരു പ്രധാന ഘടകം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രചാരണരംഗത്ത‌് ചർച്ചയാക്കാനായി. കേന്ദ്ര സർക്കാരിന്റെ വർഗീയതയും ജനവിരുദ്ധനയങ്ങളും കോൺഗ്രസിന്റെ വിശ്വാസ്യതയില്ലായ‌്മയും തുറന്നുകാട്ടാനും കഴിഞ്ഞു. പ്രളയകാരണം, കിഫ‌്ബി ഓഹരി വിവാദം എന്നിവ മറയാക്കി സർക്കാർവിരുദ്ധ വികാരം ആളിക്കത്തിക്കാമെന്ന യുഡിഎഫ‌് നീക്കം തുടക്കത്തിലേ പൊളിഞ്ഞു. പ്രളയകാരണം അണക്കെട്ട‌് തുറന്നതിലെ അശാസ‌്ത്രീയതയാണെന്ന‌് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. വസ‌്തുതകൾ നിരത്തി മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നൽകിയതോടെ ആ വഴി അടഞ്ഞു. കിഫ‌്ബി ബോണ്ടിന്റെ പേരിൽ കോലാഹലമുണ്ടാക്കാനാണ‌് പ്രതിപക്ഷ നേതാവ‌്  ശ്രമിച്ചത‌്. എല്ലാ തെരഞ്ഞെടുപ്പ‌് വരുമ്പോഴും ഉന്നയിക്കാറുള്ള ലാവ‌്‌ലിന്റെ പേരുമായി കൂട്ടിച്ചേർത്ത‌് ആശയക്കുഴപ്പം സൃഷ‌്ടിക്കാനായിരുന്നു നോക്കിയത‌്. വസ‌്തുത പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ‌് അപഹാസ്യനായി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലെല്ലാം മുഖം തിരിച്ചുനിന്ന പ്രതിപക്ഷം ഇപ്പോൾ ആക്ഷേപം ഉയർത്തിയത‌് അവർക്ക‌ുതന്നെ തിരിച്ചടിയായി. സാലറി ചലഞ്ച‌് ഉൾപ്പെടെയുള്ളവയെ എതിർത്ത പ്രതിപക്ഷത്തിന്റെ ആരോപണം ജനങ്ങൾ തള്ളി.

അടിസ്ഥാന സൗകര്യ വികസനത്തിന‌് നടക്കുന്ന പ്രവർത്തനങ്ങളെ യുഡിഎഫ‌് എംഎൽഎമാർക്കും തള്ളിപ്പറയാൻ കഴിയാത്ത സ്ഥിതിയാണ‌്. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ നടക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തെയും വികസനപ്രവർത്തനങ്ങളെയും അവർക്ക‌് നിഷേധിക്കാനായിട്ടില്ല.

ആർഎസ‌്എസ‌്, എസ‌്ഡിപിഐ തുടങ്ങിയവയുമായി യുഡിഎഫ‌് നടത്തിയ രഹസ്യധാരണ ആദ്യഘട്ടത്തിൽത്തന്നെ തുറന്നുകാട്ടാൻ എൽഡിഎഫിന‌് കഴിഞ്ഞതും ശ്രദ്ധേയമാണ‌്. കോലീബി സഖ്യം വെളിച്ചത്തായതോടെ യുഡിഎഫ‌് പ്രതിക്കൂട്ടിലായി. ഇടതുപക്ഷവിരുദ്ധത ഉൽപ്പാദിപ്പിക്കാൻ യുഡിഎഫ‌് വർഗീയ ശക്തികളുമായി നടത്തിയ നീക്കങ്ങൾക്ക‌് ഇതെല്ലാം തിരിച്ചടിയായി. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ലെന്നതാണ‌് യാഥാർഥ്യം. തിരുവനന്തപുരം, കോഴിക്കോട‌്, പാലക്കാട‌് മണ്ഡലങ്ങളിൽ യുഡിഎഫ‌് പ്രവർത്തനം മന്ദഗതിയിലാണെന്ന‌് എഐസിസിക്ക‌് സ്ഥാനാർഥികൾതന്നെ പരാതി നൽകിയത‌് ഇതിന‌ു തെളിവാണ‌്.


പ്രധാന വാർത്തകൾ
 Top