18 August Sunday

അമിത‌് ഷായുടെ പരാമർശത്തിൽ കോൺഗ്രസ‌് പകച്ചുനിൽക്കുന്നു: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019


വയനാട‌് പാകിസ്ഥാനാണെന്ന അമിത‌് ഷായുടെ പരാമർശത്തിൽ സ‌്തംഭിച്ച‌് നിൽക്കുകയാണ‌് കോൺഗ്രസെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ.

ആർഎസ‌്എസും അമിത‌് ഷായും മോഡിയും യോഗി ആദിത്യനാഥും നടത്തുന്ന വർഗീയ പരാമർശത്തിന‌ുമുന്നിൽ കോൺഗ്രസ‌് വിറങ്ങലിച്ച‌് നിൽക്കുകയാണ‌്.  
കേരളം പാകിസ്ഥാനാണെന്ന പരാമർശത്തിന‌് പിന്നാലെയാണ‌് വയനാട‌ിനെ പാകിസ്ഥാനാക്കുന്നത‌്.കേരളത്തിൽ ഒരു പ്രദേശവും പാകിസ്ഥാനല്ല. അത്തരം പ്രചാരണങ്ങൾ ഒരിക്കലും ഇടതുപക്ഷം അംഗീകരിക്കില്ല. വിഷംതുപ്പുന്ന വർഗീയതയ‌്ക്ക‌് മുന്നിൽ ഒന്ന‌് പ്രതികരിക്കാൻപോലും യുഡിഎഫോ കോൺഗ്രസ‌് അഖിലേന്ത്യാ നേതൃത്വമോ തയ്യാറാകുന്നില്ല. ലീഗിന്റെ കൊടി പാകിസ്ഥാൻ കൊടിയെന്ന‌് പ്രചരിപ്പിച്ചിട്ടും ലീഗ‌ിന‌് പ്രതികരണമില്ല.

തങ്ങൾ എഴുതിയ ലേഖനത്തിൽപ്പോലും ഇക്കാര്യം പറയുന്നില്ല. നിലവിലെ സാഹചര്യം ഉണ്ടാക്കിയത‌് കോൺഗ്രസാണ‌്. ലീഗ‌്–- എസ‌്ഡിപിഐ പിന്തുണയോടെ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ആർഎസ‌്എസ‌് അത‌് വർഗീയമായി ഉപയോഗിക്കും. അക്കാര്യം മനസ്സിലാക്കേണ്ടത‌് കോൺഗ്രസാണ‌്. കോൺഗ്രസിന‌് വർഗീയതയെ ചെറുക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.

പി സി ജോർജ് എവിടെ പോകുന്നോ ആ പാർടിയുടെ കഥ കഴിഞ്ഞു. അദ്ദേഹം എൻഡിഎയിലേക്ക‌് പോയത‌് നന്നായി. ചേരേണ്ടവർ ചേർന്നുവെന്നും ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top