17 June Monday

വടക്കനാട‌് കൊമ്പനെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019


ബത്തേരി
വയനാട‌് വന്യജീവി കേന്ദ്രത്തോടു ചേർന്ന ഗ്രാമങ്ങളിൽ ഭീതിവിതച്ച കാട്ടുകൊമ്പനെ മയക്കുവെടിവച്ച‌് പിടികൂടി മുത്തങ്ങയിലെ പന്തിക്കൂട്ടിൽ അടച്ചു. 30 വയസ്സ‌് പ്രായം മതിക്കുന്ന വടക്കനാട‌് കൊമ്പൻ എന്ന കാട്ടാനയെ  തിങ്കളാഴ‌്ച രാവിലെ ആറോടെ കുറിച്ച്യാട‌് വനത്തിലെ ചെമ്പരത്തിമൂലയിൽ മയക്കുവെടിവച്ചാണ‌് പിടികൂടിയത‌്.

രണ്ട‌ു വർഷത്തിലേറെയായി വടക്കനാട‌്, ചെതലയം, മൂടക്കൊല്ലി, മുത്തങ്ങ ഭാഗങ്ങളിൽ ലക്ഷക്കണക്കിന‌് രൂപയുടെ കൃഷിനശിപ്പിച്ച ആന ആദിവാസി ഫോറസ‌്റ്റ‌് വാച്ചർ ഉൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി.  നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന‌് 2018 ൽ ആനയെ മയക്കുവെടിവച്ച‌് പിടികൂടുകയും റേഡിയോ കോളർ ഘടിപ്പിക്കുകയും ചെയ‌്തു. കൊമ്പന്റെ   നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെയും നാട്ടിലിറങ്ങിയുള്ള കൃഷിനാശം തുടർന്നു.  നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയും വൈൽഡ‌് ലൈഫ‌് വാർഡന്റെ ഓഫീസിനു മുമ്പിൽ ഒരു മാസത്തോളം നാട്ടുകാർ  ഉപവാസ സമരം നടത്തുകയും ചെയ‌്തു.

ഇതിനിടെ നാട്ടിലിറങ്ങിയ കൊമ്പൻ  2018 മെയ‌് 30ന‌്  മുത്തങ്ങ പൊൻകുഴി കാട്ടുനായ‌്ക്ക  കോളനിയിൽ വിരുന്ന‌ുവന്ന ഗൂഡല്ലൂർ ബോസ‌്ബറ കോളനിയിലെ മഹേഷ‌ിനെ (10)കുത്തിക്കൊന്നു. ബാലന്റെ ദാരുണ മരണത്തോടെ പ്രതിഷേധം വർധിക്കുകയും നാട്ടുകാർ സിപിഐ എം നേതൃത്വത്തിൽ ഒരു പകൽ മുഴുവൻ ബത്തേരിയിലെ വൈൽഡ‌് ലൈഫ‌് വാർഡന്റെ ഓഫീസ‌് വളയുകയും ചെയ‌്തു. ഇതേ തുടർന്ന‌് വടക്കനാട‌് കൊമ്പനെ കാട്ടിലോ കാടിന‌് പുറത്തോ കണ്ടാൽ  മയക്കുവെടിവച്ച‌് പിടികൂടി പന്തിക്കൂട‌് നിർമിച്ച‌്  തളയ‌്ക്കാൻ മുഖ്യവനപാലകൻ ഉത്തരവിട്ടു. ഇക്കാലത്ത‌് കൊമ്പൻ  കർണാടക ബന്ദിപ്പൂർ വനത്തിലും തമിഴ‌്നാട‌് മുതുമല വനത്തിലുമായിരുന്നു. അതിനാൽ  മയക്കുവെടി വയ‌്ക്കാനുള്ള ദൗത്യം നീണ്ടുപോയി. കഴിഞ്ഞ ഡിസംബറിൽ  വടക്കനാട‌് വനമേഖലയിലേക്ക‌് തിരിച്ചുവന്ന കൊമ്പൻ കൃഷിനാശം തുടർന്നു. ആനയെ പിടികൂടാനുള്ള ഉത്തരവ‌് നടപ്പാക്കണമെന്നാവശ്യപ്പെട്ട‌്  പ്രതിഷേധം ശക്തമായെങ്കിലും പരിചയസമ്പന്നരായ കുങ്കിയാനകളെ   കിട്ടാത്തതിനാൽ വനം വകുപ്പിന‌് ഉത്തരവ‌് നടപ്പാക്കാനായില്ല. മുത്തങ്ങ ആനക്യാമ്പിലെ മൂന്ന‌് കുങ്കിയാനകളെ ഉപയോഗിച്ച‌് കൊമ്പനെ പിടികൂടാനുള്ള ശ്രമം നടന്നില്ല. കുങ്കിയാനകൾക്ക‌് മദപ്പാടുണ്ടായതിനാലാണിത‌്.  മൂടക്കൊല്ലി വനത്തിൽ നിന്ന‌് കുറിച്ച്യാട‌് വനത്തിലേക്ക‌് ഏഴ‌് കിലോമീറ്ററോളം ഓടിയ ആന ക്ഷീണിതനായതിനാൽ പിടികൂടാനുള്ള ദൗത്യം തിങ്കളാഴ‌്ചത്തേക്ക‌് മാറ്റി. വനംവകുപ്പ‌് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ മയക്കുവെടി വച്ചു. ആനയെ വനംവകുപ്പിന്റെ ആംബുലൻസിലാണ‌് പുറത്തെത്തിച്ചത‌്. വനത്തിൽ  600 മീറ്ററോളം  റോഡ‌് വെട്ടിത്തെളിച്ച‌്   കുങ്കിയാനകളായ നീലകണ‌്ഠൻ, സൂര്യ, പ്രമുഖ എന്നിവയുടെ സഹായത്തോടെയാണ‌് ആംബുലൻസിൽ കയറ്റിയത‌്. തുടർന്ന‌്  മുത്തങ്ങ ആനപ്പന്തിയിൽ പ്രത്യേകം നിർമിച്ച പന്തിക്കൂട്ടിൽ അടച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top