27 May Monday

ആധുനിക ഫയർ സ‌്റ്റേഷൻ നാടിന‌് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


പറവൂർ
വടക്കൻ  പറവൂറിൽ ആധുനിക രീതിയിൽ നിർമിച്ച ഫയർ ആൻഡ‌് റെസ‌്ക്യൂ സ‌്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു.  കേരളത്തിലെ ഏറ്റവും മികച്ച ഫയർ സ‌്റ്റേഷനാണ‌് പറവൂരിലേതെന്നും ആദ്യകാലത്ത‌് അഗ‌്നി ശമനത്തിൽ മാത്രം ഊന്നുന്നവരായിരുയെങ്കിൽ ഇന്ന‌് എല്ലാ രക്ഷാപ്രവർത്തനത്തിലും മുഴുകുന്നവരാണ‌് ഫയർഫോയ‌്സെന്നും ഫയർ ആൻഡ‌് റെസ‌്ക്യൂ സ‌്റ്റേഷൻ ഉദ‌്ഘാടനം ചെയ‌്ത‌് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ എന്ത‌് ആപത്തുണ്ടായാലും ആദ്യം വിളിക്കുന്നത‌് ഈ വിഭാഗത്തെയാണ‌്. ഇന്ന‌് നാട്ടിൽ ഒട്ടേറെ അപകടങ്ങളുണ്ടാകുന്നുണ്ട‌്. അത‌് തിരിച്ചറിഞ്ഞതുകൊണ്ടാണ‌് രക്ഷാപ്രവർത്തനത്തിന‌് ഒരു വളണ്ടിയർ വിഭാഗത്തെ വികസിപ്പിക്കുന്നത‌്. പരിശീലനം ലഭിച്ച ആയിരകണക്കിന‌് വളണ്ടിയർമാർ ഇന്ന‌് കേരളത്തിന്റെ വിവിധ ഇടങ്ങളിലുണ്ട‌്. എന്തെങ്കിലും അപകടമുണ്ടായാൽ ഫയർ സ‌്റ്റേഷനിൽ നിന്നും സേന എത്തുന്നതിന‌് മുന്നേ ഈ വളണ്ടിയർമാർക്ക‌് രക്ഷാപ്രവർത്തനം നടത്താനാകും. കൂടുതൽ പേർ പരിശീലനം നേടിയാൽ സമൂഹത്തിലെ അപകടങ്ങളിൽ രക്ഷകരായി നമുക്ക‌് ഇടപെടാൻ കഴിയും. രക്ഷാപ്രവർത്തനത്തലനിടെ അപകടം ഉണ്ടാകാതിരിക്കാനും പരിശീലനം സഹായിക്കും. അത‌്കൊണ്ട‌് കൂടുതൽ പേർക്ക‌് പരിശീലനം നൽകാൻ ഫയർ ആൻഡ‌് റെസ‌്ക്യൂ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ‌് ശർമ്മ എംഎൽഎപരിപാടിയിൽ മുഖ്യാഥിയായo.  വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ  ചെയർമാൻ  രമേശ‌് ഡി കുറുപ്പ‌്. മുൻ എംപി കെ പി ധനപാലൻ, നഗരസഭ പ്രതിപക്ഷനേതാവ‌് കെ എ വിദ്യാനന്ദൻ, വാർഡ‌് കൗൺസിലർ കെ ഹരിദാസൻ, കേരള ഫയർ ഫോയ‌്സ‌് ഒാഫീസ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി  കെ ഹരികുമാർ, കേരള ഫയർ സർവീസ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ അജിത‌്കുമാർ, കേരള ഫയർ സർവീസ‌് അസോസിയേഷൻ ഡ്രൈവേഴ‌്സ‌് ആൻഡ‌് മെക്കാനിക്കേഴസ‌് സംസ്ഥാന വൈസ‌് പ്രസിഡന്റ‌്  കെ ഷിജീഷ‌് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  ഫയർ ആൻഡ‌് റെസ‌്ക്യൂ സർവീസ‌് ഡയറക‌്ടർ എ ഹേമചന്ദ്രൻ സ്വാഗതവും  എൻ വി  ജോൺ നന്ദിയും പറഞ്ഞു.
2.32 കോടി രൂപ ചെലവിൽ 6836 ചതുരശ്രയടി തറവിസ്തീർണത്തിലുള്ള പുതിയ ഇരുനില കെട്ടിടത്തിന്റെ താഴെനിലയിൽ സ്റ്റേഷൻ ഓഫീസറുടെ മുറിയും വിശ്രമമുറിയും വാച്ച്റൂമും സ്റ്റോർറൂമുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. മുകളിലെ നിലയിൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, ഫിറ്റ്നെസ‌് സെന്റർ, ക്ലാസ‌്റൂം എന്നിവയുണ്ട്. രണ്ട് ഫയർഎൻജിനുകൾ, ജീപ്പ്, വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള റബർബോട്ട്, അസ്ക ലൈറ്റ്, ഹൈഡ്രോളിക് കട്ടർ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 60,000 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള  വാട്ടർടാങ്ക്, ഫയർഎൻജിനുകൾ പാർക്ക് ചെയ്യാനുള്ള പോളി കാർബണേറ്റ്  റൂഫിങ്ങോടുകൂടിയ  വലിയ ഗ്യാരേജ്  എന്നിവയുമുണ്ട്


പ്രധാന വാർത്തകൾ
 Top