25 June Tuesday

പെൺകുട്ടികളേ.. ഇനി പഠിക്കാം പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


മട്ടാഞ്ചേരി
കരാട്ടെ, തായ‌്ക്വാണ്ട, കളരി... പെൺകുട്ടികൾക്ക‌് ഇനി  പ്രതിരോധപാഠങ്ങൾ തുടങ്ങാം. രക്ഷിതാക്കൾക്ക‌് സ്വന്തം പെൺമക്കൾ വീടിനുപുറത്തും ഇനി സുരക്ഷിതരാണെന്ന‌് ഉറപ്പിക്കുകയും ചെയ്യാം. പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനപരിപാടിക്ക‌് ജില്ലയിൽ തുടക്കമായി.

പെൺകുട്ടികൾക്ക‌് സ്വയംപ്രതിരോധത്തിനുള്ള കായികശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 72 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  ആറുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക‌് കരാട്ടെ, തായ‌്ക്വാണ്ട, കളരി, സുംബ, സൈക്ലിങ‌് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.

പദ്ധതിയുടെ ജില്ലാതല ഉദ‌്ഘാടനം പനയപ്പിള്ളി സർക്കാർ സ്കൂളിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ നിർവഹിച്ചു. കൗൺസിലർ ഷീബ ലാൽ അധ്യക്ഷയായി. ഡിഡിഇ കെ എസ് കുസുമം, ഡയറ്റ് പ്രിൻസിപ്പൽ കെ എം കൃഷ്ണദാസ്, ഡിപിഒ സജോയ് ജോർജ‌്, ഡിഇഒ കെ കെ ലളിത, ഒ എ സന്ധ്യ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ ജോർജ‌് ബാസ്റ്റിൻ, എഇഒ കെ എ വഹീദ, ബിപിഒ എം കെ നിഷ എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി ബിആർസി പരിധിയിലുള്ള ജിഎച്ച്എസ് പനയപ്പിള്ളി, ജിജിഎച്ച് എസ്എസ് മട്ടാഞ്ചേരി, ജിഎച്ച്എസ്   സെൻട്രൽ കൽവത്തി, ഇഎംജിഎച്ച്എസ്എസ് ഫോർട്ട്കൊച്ചി, ജിഎച്ച്എസ്എസ് പുത്തൻതോട് എന്നീ  സ്കൂളുകളിലെ കുട്ടികളുടെ കായികപ്രകടനങ്ങളും നടത്തി. പരിശീലകരെ ചടങ്ങിൽ ആദരിച്ചു.


പ്രധാന വാർത്തകൾ
 Top