18 February Monday

ദുരിതങ്ങൾ മായും അഞ്ജനയുടെ ഏറിൽ

ഒ വി ദേവസിUpdated: Tuesday Feb 12, 2019

ആലുവ
ശാരീരിക അവശതകളിലും കുടുംബപരാധീനതകളിലും പതറാതെ ഒഴുക്കിനെതിരെ നീന്തി സ്വർണപ്പതക്കത്തിൽ മുത്തമിട്ട അഞ്ജന, മെഡലുകളും സർട്ടിഫിക്കറ്റുകളും നെഞ്ചോടുചേർക്കുന്നു. ജനുവരി 28ന്‌ ചെന്നൈയിൽ നടന്ന ദേശീയ ബധിരകായികമേളയിൽ പങ്കെടുത്ത ജാവലിൻത്രോയിൽ സ്വർണം നേടിയ സന്തോഷത്തിലാണ്‌ ഈ പതിനഞ്ചുകാരി.
തിരുവല്ല തുകലശേരി ബധിരവിദ്യാലയത്തിലെ പ്ലസ്‌വൺ വിദ്യാർഥിനിയായ അഞ്ജന, ആന്ധ്ര സ്വദേശി  നാഗഭൂഷണിന്റെയും മുപ്പത്തടം സ്വദേശി അജിതയുടെയും മകളാണ‌്.

കേൾവിശക്തിയില്ലാത്ത അഞ്ജനയ്‌ക്ക്‌ സംസാരിക്കാനും കഴിയില്ല. എട്ടുമാസം പ്രായമുള്ളപ്പോഴാണ്‌ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞത്‌. ആയുർവേദ ചികിത്സ രണ്ടുമാസം   ചെയ്‌തെങ്കിലും സാമ്പത്തികപ്രായസം തുടർചികിത്സയ്‌ക്ക്‌ വഴിമുടക്കായി. നേഴ്‌സറിമുതൽ പത്താംതരംവരെ കോട്ടയം നീർപ്പാറയിലെ സ്‌പെഷ്യൽ സ്‌കൂളിലായിരുന്നു. കലാകായിക മത്സരങ്ങളിൽ സ്‌കൂൾതലത്തിൽ  പങ്കെടുത്ത്‌ ഒട്ടനവധി വിജയങ്ങൾ സ്വന്തമാക്കിയ ഈ കൊച്ചുമിടുക്കി, പഠനത്തിലും മികവ്‌ പുലർത്തി.

പ്ലസ്‌വണ്ണിന്‌ തിരുവല്ല തുകലശേരി ബധിരവിദ്യാലയത്തിലാണ്‌ അഞ്ജന ചേർന്നത്‌. ഈ വിദ്യാലയത്തിലെ ലാലി ടീച്ചറാണ്‌ അഞ്ജലിക്ക്‌ ജാവലിൻത്രോയിലുള്ള കഴിവ്‌ കണ്ടെത്തിയത്‌. ചിട്ടയായ പരിശീലനംവഴി ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഡ്രൈവറായ നാഗഭൂഷൺ, 14 വർഷമായി നട്ടെല്ല്‌ തകരാറിലായി കിടപ്പിലാണ‌്.

മേസ്‌തിരിപ്പണിക്കാരുടെ സഹായിയായി ജോലിചെയ്‌തിരുന്ന അജിതയും ഒമ്പതുവർഷംമുമ്പ‌് ഏണിയിൽനിന്നുവീണ്‌ നട്ടെല്ലിനു ക്ഷതമേറ്റ‌് കിടപ്പിലായത‌് വീടിന്റെ സ്ഥിതി ദുരിതത്തിലാക്കി. ഈ ദുരിതക്കയത്തിൽനിന്ന്‌ കൈപിടിച്ച്‌ കരകയറാൻ സഹായിച്ചത്‌ സിപിഐ എം നേതാവ‌് വി എം ശശിയാണെന്ന്‌ അജിത നന്ദിയോടെ ഓർക്കുന്നു. ബിരുദവിദ്യാർഥിനിയായ മൂത്തസഹോദരി ഭാഗ്യലക്ഷ്‌മി, വളർത്തുമൃഗങ്ങളെ പരിപാലിച്ചാണ്‌ ഉപജീവനത്തിനുള്ള വക  കണ്ടെത്തുന്നത്‌.
 


പ്രധാന വാർത്തകൾ
 Top