പത്തനംതിട്ട > കുംഭമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ശബരിമല നട തുറക്കുന്നത്. കനത്തസുരക്ഷ ഏർപ്പെടുത്തിയതായി പത്തനംതിട്ട പൊലീസ് മേധാവി ടി നാരായണൻ പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എസ്പിമാരുടെ മേൽനോട്ടത്തിൽ 700ഓളം പൊലീസ് സേനാംഗങ്ങൾ സുരക്ഷയൊരുക്കും. ഒാരോ കേന്ദ്രത്തിലും രണ്ട് ഡിവൈഎസ്പിമാർ, നാല് സിഐമാർ എന്നിവരും ഉണ്ടാകും.
എഡിജിപിമാരായ അനിൽകാന്തിനും അനന്തകൃഷ്ണനുമാണ് സുരക്ഷാ ചുമതല.മണ്ഡല മകരവിളക്ക് കാലത്തെ പോലെതന്നെ തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് തീർഥാടകർ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കണം. ചൊവ്വാഴ്ച രാവിലെ പത്തിന് ശേഷമേ തീർഥാടകരെയും മാധ്യമ പ്രവർത്തകരെയും പമ്പയിലേക്ക് കടത്തിവിടൂ. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. 17 ന് രാത്രി 10 ന് നട അടയ്ക്കും.