18 June Tuesday

ട്രെയിനുകൾ മണിക്കൂറുകൾ വൈകി; യാത്രക്കാർ വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


തിരുവനന്തപുരം
അങ്കമാലിക്കും എറണാകുളം നോർത്തിനുമിടയിലെ അറ്റകുറ്റപ്പണി നീണ്ടത‌ിനാൽ ട്രെയിൻ ഗതാഗതം താറുമാറായി. രാവിലെ മുതലുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ‌് ലക്ഷ്യസ്ഥാനത്തെത്തിയത‌്. തിങ്കളാഴ‌്ച രാവിലെ തിരുവനന്തപുരത്ത‌് എത്തേണ്ട ട്രെയിനുകൾ വിവിധ സ‌്റ്റേഷനുകളിൽ പിടിച്ചിട്ട‌് ഏറെ വൈകിയാണ‌് എത്തിയത‌്. അറ്റകുറ്റപ്പണി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ച‌ സമയത്തിലും ജോലി തീരാതായതാണ‌് ട്രെയിൻ ഗതാഗതം താളം തെറ്റാനിടയാക്കിയതെന്ന‌് റെയിൽവേ അധികൃതർ പറഞ്ഞു.

വഞ്ചിനാട‌്, ഗുരുവായൂർ ഇന്റർസിറ്റി, ഗുരുവായൂർ ചെന്നൈ എഗ‌്മോർ, മംഗ‌ളൂരു–-തിരുവനന്തപുരം സെൻട്രൽ എക‌്സ‌്പ്രസ‌്, ഭാവ‌്നഗർ–-കൊച്ചേുവേളി എക‌്സ‌്പ്രസ‌് തുടങ്ങിയ ട്രെയിനുകളും തിരുവനന്തപുരത്തുനിന്ന‌് രാവിലെ പുറപ്പെട്ട ട്രെയിനുകളും മണിക്കൂറുകൾ വൈകി.  തിങ്കളാഴ‌്ചയായതിനാൽ സർക്കാർ ജീവനക്കാരും വിദ്യാർഥികളുമുൾപ്പെടെ ട്രെയിനുകളിൽ യാത്രക്കാരും കൂടുതലായിരുന്നു. വിവിധ ഓഫീസുകളിലും ആശുപത്രികളിലും മറ്റും എത്തേണ്ട നൂറുകണക്കിനാളുകൾ  വലഞ്ഞു. 

രാജസ്ഥാനിൽ ഗുജ്ജർ പ്രക്ഷോഭത്തെത്തുടർന്ന‌് 12218 ചണ്ഡിഗഡ‌്കൊച്ചുവേളി എക‌്സ‌്പ്രസ‌് റദ്ദാക്കിയിരുന്നു. ബുധനാഴ‌്ചത്തെ ചണ്ഡിഗഡ‌്കൊച്ചുവേളി എക‌്സ‌്പ്രസ‌ും റദ്ദാക്കിയിട്ടുണ്ട‌്. ജോഡി ട്രെയിൻ എത്താത്തതിനാൽ തിരുവനന്തപുരം വെരാവൽ എക‌്സ‌്പ്രസ‌് മൂന്നര മണിക്കൂർ വൈകിയാണ‌് തിരുവവനന്തപുരത്തുനിന്ന‌് പുറപ്പെട്ടത‌്. എറണാകുളം ജങ‌്ഷനിൽനിന്ന‌് പകൽ 3.50ന‌് പുറപ്പെടേണ്ടിയിരുന്ന 10216 എറണാകുളം –-മഡ‌്ഗോൺ പ്രതിവാര ട്രെയിൻ 11 മണിക്കൂർ വൈകിയാണ‌് പുറപ്പെട്ടത‌്.
 


പ്രധാന വാർത്തകൾ
 Top