24 June Monday

പ്രളയശേഷം തൊഴിലുറപ്പിലെത്തിയത് 63285 കുടുംബം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തിരുവനന്തപുരം > പ്രളയ ദുരന്തത്തിനുശേഷം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്തത് 63285 കുടുംബം. പ്രളയം തകർത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി സഹായകമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രളയബാധിത ജില്ലകൾക്ക് 50 തൊഴിൽദിനം പ്രത്യേകം അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ആഗസ‌്ത‌് 16നുശേഷം 9.52 ലക്ഷം കുടുംബങ്ങളിൽ 10.56 ലക്ഷംപേർക്ക് തൊഴിൽ നൽകി. ഇതുവരെ 5.03 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

മാർച്ചിനകം പത്തുകോടി തൊഴിൽദിനം സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ നാലുലക്ഷം കുടുംബത്തിന‌് ശരാശരി 100 ദിവസം തൊഴിൽ ലഭിക്കും. അടുത്ത സാമ്പത്തികവർഷം പത്തുകോടി തൊഴിൽ ലഭ്യമാകുംവിധം ലേബർ ബജറ്റ് കേന്ദ്രസർക്കാരിനുമുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേബർ ബജറ്റിന് ആനുപാതികമായി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ ദേശീയതലത്തിൽ കേരളം ഒന്നാമതാണ്.

നടപ്പുസാമ്പത്തിക വർഷാരംഭത്തിൽ 550 തൊഴിൽദിനം സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രളയാനന്തര പുനർനിർമാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായതോടെ ഡിസംബറിൽതന്നെ ഈ ലക്ഷ്യം കൈവരിച്ചു. തുടർന്ന്, കേന്ദ്ര സർക്കാർ ലേബർ ബജറ്റ് 700 ലക്ഷം തൊഴിൽദിനമായി പുതുക്കി അംഗീകരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തിന്റെ 106.61 ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. 20 ലക്ഷം കുടുംബങ്ങളിൽനിന്ന് 24 ലക്ഷം തൊഴിലാളികളാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായുള്ളത്. ഇതിൽ 16 ലക്ഷംപേർ ഈവർഷം തൊഴിൽ ചെയ്തിട്ടുണ്ട്. 90 ശതമാനമാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം. ഈവർഷം ഇതുവരെ 2321.39 കോടിരൂപ ചെലവായി. ഇതിൽ 871.90 കോടിരൂപ കേന്ദ്രസർക്കാരിൽനിന്ന് വേതനയിനത്തിൽ ലഭിക്കാനുണ്ട്. 2018-–-19ൽ 1.49 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ഇതിൽ 12518 പട്ടികവർഗ കുടുംബമുണ്ട്. 400 ലധികം പട്ടികവർഗ കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കുകയും രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് 150 ദിവസത്തിലധികം തൊഴിൽ ലഭിക്കുകയും ചെയ്തു.


പ്രധാന വാർത്തകൾ
 Top