29 May Sunday

പി ആൻഡ്‌ ടി കോളനി പുനരധിവാസം ; ഇരുപതിനകം നിർമാണം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022



കൊച്ചി
പി ആൻഡ്‌ ടി കോളനിവാസികൾക്കായി മുണ്ടംവേലിയിൽ നിർമിക്കുന്ന വീടുകളുടെ ഫാബ്രിക്കേഷൻ ജോലി ഇരുപതിനകം ആരംഭിക്കാൻ തടസ്സമില്ലെന്ന്‌ കരാർ കമ്പനി. ജിസിഡിഎയുമായുള്ള കരാർപ്രകാരം മെയ്‌ മുപ്പതിനകം ഭവനസമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നും കരാറുകാരായ തൃശൂർ ജില്ലാ ലേബർ കോൺട്രാക്‌റ്റ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി (ടിഡിഎൽസിസിഎസ്‌) പ്രസിഡന്റ്‌ ടി ജി സജീവ്‌ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഇരുപതിനകം ഫാബ്രിക്കേഷൻ ജോലി ആരംഭിച്ചില്ലെങ്കിൽ കരാറുകാരുടെ അക്രഡിറ്റേഷൻ ഉൾപ്പെടെ പിൻവലിക്കുമെന്ന്‌ മന്ത്രി പറഞ്ഞിരുന്നു.

പൈലിങ് ജോലികൾ കഴിഞ്ഞശേഷം നിർമാണം ഇഴയുന്ന  സാഹചര്യത്തിലാണ്‌ മന്ത്രി പി രാജീവ്‌ ബന്ധപ്പെട്ട ഏജൻസികളുടെ യോഗം വിളിച്ചത്‌. പൈലിങ് ഡിസംബറിലാണ്‌ പൂർത്തിയായത്‌. റാഫ്‌റ്റ്‌ ഫൗണ്ടേഷൻ പൂർത്തിയാക്കി അടുത്തഘട്ടത്തിലേക്ക്‌ കടക്കേണ്ട സമയം കഴിഞ്ഞിരുന്നു. പ്രീ എൻജിനിയറിങ് സാങ്കേതികവിദ്യയിലാണ്‌ നിർമാണം. ഉരുക്കിൽ നിർമിക്കുന്ന ഭാഗങ്ങൾ സ്ഥലത്തെത്തിച്ച്‌ യോജിപ്പിക്കുന്നതോടെ ഭവനസമുച്ചയം പൂർത്തിയാകും. എന്നാൽ, ഉരുക്കുഭാഗങ്ങളുടെ ഫാബ്രിക്കേഷൻ ഇപ്പോഴും തുടങ്ങിയിട്ടില്ലെന്ന്‌ ജിസിഡിഎ അറിയിച്ചതിനെ തുടർന്നാണ്‌ മന്ത്രി യോഗം വിളിച്ചത്‌.

ഇരുപതിനകം ഫാബ്രിക്കേഷൻ ജോലികൾ തുടങ്ങാത്തപക്ഷം കരാറുകാരെ നീക്കാനും നിയമാനുസൃത നടപടികൾ സ്വീകരിക്കാനും പി രാജീവ്‌ നിർദേശിച്ചു. കരാറുകാരുടെ അക്രഡിറ്റേഷൻ റദ്ദാക്കുന്നത്‌ ഉൾപ്പെടെ നടപടികൾ ആലോചിക്കും. ഇക്കാര്യങ്ങൾ തൃശൂർ ജില്ലാ ലേബർ സൊസൈറ്റി പ്രസിഡന്റിനെ മന്ത്രി ഫോണിൽ വിളിച്ച്‌ അറിയിച്ചു. തുടർന്നാണ്‌ നിർമാണം മുൻനിശ്‌ചയപ്രകാരം നടക്കുമെന്ന്‌ ലേബർ സൊസൈറ്റി പ്രതികരിച്ചത്‌.  

യോഗത്തിൽ മേയർ എം അനിൽകുമാറും ടി ജെ വിനോദ്‌ എംഎൽഎയും പങ്കെടുത്തിരുന്നു. പി ആൻഡ്‌ ടി കോളനിയിലെ 88 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ്‌ ഭവനസമുച്ചയ പദ്ധതി. 37,000 ചതുരശ്രയടിയാണ്‌ വിസ്‌തീർണം. ജിസിഡിഎയുടെ 72 സെന്റ്‌ സ്ഥലത്ത്‌ ലൈഫ്‌ പദ്ധതിപ്രകാരമാണ്‌ നിർമാണം. 14.61 കോടി രൂപയാണ്‌ ചെലവ്‌. ഈ വർഷം മാർച്ചിൽ പൂർത്തിയാക്കാനാണ്‌ ജിസിഡിഎ ആലോചിച്ചിരുന്നത്‌. എന്നാൽ, കോവിഡ്‌ ഉൾപ്പെടെ കാരണങ്ങളാൽ മുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top