23 January Wednesday

ചികിത്സയ്‌‌‌ക്കായി അമിത തുക ഈടാക്കുന്നത് അംഗീകരിക്കാനാകില്ല; പരിക്ക് പറ്റിയാല്‍ ആദ്യം ചികിത്സ എന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍Updated: Saturday Jan 12, 2019

തൃശൂര്‍ > ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി അമിത തുക ഇടാക്കി രോഗികളെ കൊള്ളയിടിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തില്‍ പെട്ട രോഗിക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനു പകരം രോഗിയുടെ സാമ്പത്തികാവസ്ഥ പരിശോധിക്കുന്ന ക്രൂരമായ അവസ്ഥയുമുണ്ട്. എന്നാല്‍ സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ഇതിനു വ്യത്യസ്‌തമായി സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പരിക്കു പറ്റിയാല്‍ ആദ്യം ചികിത്സ എന്നതാണ് സര്‍ക്കാര്‍ നയം. ആരോഗ്യമേഖല കാലനുസൃതമായി മെച്ചപ്പെടാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ അമലമെഡിക്കല്‍ കോളേജിനു  ദേശീയ അംഗീകാരമായ  എന്‍എബിഎച്ച് ലഭിച്ച ചടങ്ങിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് കൈമാറലും നിര്‍ഹവിക്കുകയായിരുന്നു മുഖ്യമന്ത്രി. 

രോഗീപരിപാലനത്തിലെ അടിസ്ഥാന മേഖലകളിലാകെയുള്ള മികവിന്റെ അംഗീകാരമായാണ് അമലക്കു ലഭിച്ച എന്‍എബിഎച്ച് അംഗീകാര. ഈ നേട്ടം കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കട്ടെ. രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു  എന്നറിയുന്നതില്‍ സന്തോഷമുണ്ട്.  മെച്ചപ്പെട്ട നിലയിലാണ് പല സ്വകാര്യ ആശുപത്രികളുംപ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, അതിനു ചില അപവാദങ്ങളുമുണ്ട്. ആധുനിക ചികിത്സാസൗകര്യങ്ങള്‍ നടപ്പിലാക്കുക വഴി കൂടുതല്‍ പണം നേടാമെന്നാണ് ചില സ്ഥാപനങ്ങള്‍ കണക്കുകൂട്ടുന്നത്.  ഇതോടെ സാമൂഹ്യ പ്രതിബദ്ധത നഷ്ടമാകുന്നു. ചിലര്‍  മെച്ചപ്പെട്ട സേവനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍  കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുന്ന നിലയില്‍  ചികിത്സാരംഗം മാറിപ്പോകുന്നു. തമിഴ്നാട് സ്വദേശി മുരുകന്റെ മരണം ഇതിന് ഉദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ ഇടയാകരുത്.

ചികിത്സാ രംഗത്തുണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍  മനുഷ്യരാശിക്കുണ്ടായ നേട്ടങ്ങള്‍ വിവരണാതീതമാണ്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രാജ്യത്ത് ശരാശരി മനുഷ്യായുസ് 32 വയസായിരുന്നു. ഇന്നത് 68 വയസ്സായി മാറിയതില്‍  ആധുനിക ചികിത്സാ ശാസ്ത്രത്തിനും ഒരു വലിയ പങ്കുണ്ട്. കേരളത്തില്‍ ശരാശരി മനുഷ്യായുസ്സ്് 75 വയസാണെന്നതും ശ്രദ്ധേയം.

ഇന്ന് കേരളത്തിലെ ആരോഗ്യരംഗം ലോകത്തിനാകെ മാതൃകയാണ്. ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയെപ്പോലും അതിശയിപ്പിക്കുന്ന നിലയിലെത്തിച്ചേരാന്‍ നമുക്കായിട്ടുണ്ട്. ഇതിനെ ഒറ്റപ്പെട്ട നേട്ടമായി കാണേണ്ടതില്ല. മറ്റു പല ഇടപെടലുകളുടെയും ആകെത്തുകയായാണിത്.  ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഭാഗമായി മലയാളിയുടെ ജീവിതനിലവാരത്തില്‍ വന്ന ഉയര്‍ച്ച, വിദ്യാഭ്യാസരംഗത്തെ പുരോഗതി, തുടങ്ങിയ പല ഘടങ്ങളും അതിനു കാരണമായിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന പദ്ധതികളുമായാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കേരളത്തിലെ ആതുരശുശ്രൂഷാ രംഗത്താകെ ഗുണപരമായ മാറ്റങ്ങളാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. സാധാരണക്കാരനോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്ന കാഴ്ചപ്പാടുയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പദ്ധതികളാണ് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. അതിലേറ്റവും പ്രധാനമാണ്  ആര്‍ദ്രം പദ്ധതി. എല്ലാ മെഡിക്കല്‍ കോളേജ് ഒപികളും രോഗീസൗഹൃദമായി. ജില്ലാജനറല്‍ ആശുപത്രികളും രോഗീസൗഹൃദമായിക്കൊണ്ടിരിക്കുന്നു. രാജ്യത്താകെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പൊതുജനാരോഗ്യരംഗത്തുനിന്നും പിന്മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് കേരളത്തിലെ സര്‍ക്കാര്‍ ഈ മേഖലയില്‍ പ്രതിബദ്ധതയോടെ യി ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി.പറഞ്ഞു.


പ്രധാന വാർത്തകൾ
 Top