22 March Friday

ലഹരിവിരുദ്ധ ഹാഫ‌് മാരത്തണും ഫൺറണ്ണും ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

എക‌്സൈസ‌് വകുപ്പ‌് സംഘടിപ്പിക്കുന്ന ഹാഫ‌് മാരത്തണിന്റെ ഒരുക്കങ്ങൾ പരിശോധിക്കാൻ ഋഷിരാജ്‌സിങ്‌ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിലെത്തിയപ്പോൾ


കൊച്ചി
ലഹരിവിരുദ്ധ സന്ദേശവുമായി കൊച്ചി ശനിയാഴ‌്ച  പുലർച്ചെ ഒന്നിച്ച‌് ഓടും. ലഹരിവിരുദ്ധ സന്ദേശം  പ്രചരിപ്പിക്കുന്നതിനും കായികസംസ‌്കാരം വളർത്തുന്നതിനുമായി എക‌്സൈസ‌് വകുപ്പ‌് സംഘടിപ്പിക്കുന്ന ഹാഫ‌് മാരത്തോൺ, ഫൺറൺ എന്നിവയിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കും.

പുലർച്ചെ 5.30ന‌് മഹാരാജാസ‌് ഗ്രൗണ്ടിൽനിന്ന‌് ആരംഭിക്കുന്ന  മാരത്തൺ  മേയർ സൗമിനി ജെയിൻ ഫ‌്ളാഗ‌് ഓഫ‌് ചെയ്യും. ഗ്രൗണ്ടിൽനിന്ന‌് വെല്ലിങ്ടൺ ഐലൻഡ‌് വരെ പോയി തിരികെ ഗ്രൗണ്ടിൽ എത്തിയാണ‌് മാരത്തൺ പൂർത്തിയാകുന്നത‌്. 6.30ന‌് നടക്കുന്ന ഫൺറൺ മന്ത്രി ടി പി രാമകൃഷ‌്ണൻ ഫ‌്ളാഗ‌് ഓഫ‌് ചെയ്യും.  8.45ന‌്  പൊതുസമ്മേളനം ഉദ‌്ഘാടനവും അദ്ദേഹം നിർവഹിക്കും. മന്ത്രി എ സി മൊയ‌്തീൻ അധ്യക്ഷനാകും. വിജയികൾക്കുള്ള സമ്മാനദാനവും പൊതുസമ്മേളനത്തിൽ നടക്കും.

കായികതാരങ്ങൾക്കൊപ്പം സ‌്കൂൾ, കോളേജ‌് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ‌് അസോസിയേഷൻ അംഗങ്ങൾ, എൻസിസി, എൻഎസ‌്എസ‌്, പൊലീസ‌്, എസ‌്പിസി അംഗങ്ങളും ഭിന്നശേഷിക്കാരും മാരത്തണിൽ പങ്കെടുക്കുമെന്ന‌് എറണാകുളം എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ കെ ചന്ദ്രപാലനും അസി. കമീഷണർ ടി എ അശോക‌്കുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാരത്തണിൽ 1300 പേർ രജിസ‌്റ്റർചെയ‌്തുകഴിഞ്ഞു. ഫൺ റണ്ണിൽ അയ്യായിരത്തിലധികം പേരെയാണ‌് പ്രതീക്ഷിക്കുന്നത‌്.

ജനറൽ, 35 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർ, 50ന‌് മുകളിൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങളിലായി സ‌്ത്രീകൾക്കും പുരുഷന്മാർക്കും വേവ്വേറെ മൽസരങ്ങളാണ‌് സംഘടിപ്പിക്കുന്നത‌്. ജനറൽ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക‌് ട്രോഫി കൂടാതെ യഥാക്രമം 50,000, 30,000, 20,000 രൂപ വീതം സമ്മാനമായി  നൽകും.

മറ്റു വിഭാഗങ്ങളിലെ വിജയികൾക്ക‌് ട്രോഫികളും യഥാക്രമം 25,000, 15,000, 10,000 രൂപ വീതം ക്യാഷ‌് അവാർഡ‌് നൽകും. ഭിന്നശേഷിക്കാർക്കുള്ള ഹ്രസ്വദൂര മൽസരത്തിലെ വിജയികൾക്കും സമ്മാനം നൽകും. മൽസരം പൂർത്തിയാക്കുന്ന ആദ്യ 100 പേർക്ക‌് സർട്ടിഫിക്കറ്റ‌് നൽകും.
ജില്ലാ ഭരണനേതൃത്വം, ജില്ലാ പഞ്ചായത്ത‌്, കൊച്ചി നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ‌് പരിപാടി. മാരത്തണിനുവേണ്ട ഗതാഗതക്രമീകരണം പൊലീസ‌് നിർവഹിക്കും.


പ്രധാന വാർത്തകൾ
 Top