21 February Thursday

തൊഴിൽ നഷ്ടപ്പെട്ട ചാരായ വ്യവസായ തൊഴിലാളികളുടെ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കൊച്ചി
നിലവിലെ ഒഴിവുകളിലെ 25 ശതമാനം നിയമനവും തൊഴിൽ നഷ്ടപ്പെട്ട ചാരായ വ്യവസായ തൊഴിലാളികൾക്ക‌് നൽകണമെന്നാണ‌് എൽഡിഎഫ‌് സർക്കാരിന്റെ നയമെന്ന‌് സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ മണിശങ്കർ പറഞ്ഞു.  നിലവിൽ സുപ്രീംകോടതിയിലുള്ള കേസിൽ സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുണ്ട‌്. ഇതുസംബന്ധിച്ച കോടതിവിധി ഈ മാസം രണ്ടാംവാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട ചാരായ വ്യവസായ തൊഴിലാളികളുടെ സംസ്ഥാന കൺവൻഷൻ പപ്പൻചേട്ടൻസ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്കാരി ക്ഷേമനിധി ബോർഡിൽ തൊഴിൽ നഷ്ടപ്പെട്ട 904 ചാരായ വ്യവസായ തൊഴിലാളികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇതിൽ അർഹരായവർക്ക് ജോലി ലഭിക്കും. ഇതിന്റെ പേരിൽ ആർക്കും ആരും പണം നൽകേണ്ടതില്ല. ജോലി നൽകാമെന്നുപറഞ്ഞ് ചിലർ തൊഴിൽ നഷ്ടപ്പെട്ട ചാരായ വ്യവസായ തൊഴിലാളികൾക്കിടയിൽ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തുവർഷംകൊണ്ട് ഘട്ടഘട്ടമായി മദ്യഷാപ്പുകൾ പൂട്ടാനാണ് ഉമ്മൻചാണ്ടി സർക്കാർ ശ്രമിച്ചത്. യുഡിഎഫ് സർക്കാരിന്റെ മദ്യനിരോധനയങ്ങൾ സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കമരുന്നിന്റെയും ഉപഭോഗം കൂട്ടി. എൽഡിഎഫ് സർക്കാരിന്റെ മദ്യവർജനനയത്തിലൂടെ മദ്യത്തിനെതിരെ ബോധവൽക്കരണം നടത്താനും മദ്യത്തിനടിമപ്പെടുന്നവർക്കായി ഡീഅഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം ഊർജിതമാക്കാനുമാണ് ശ്രമിക്കുന്നത്. ഇപ്പോൾ മദ്യത്തിന്റെയും മയക്കമരുന്നിന്റെയും ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി എൻ മോഹനൻ അധ്യക്ഷനായി. ഇ പി റാഫേൽ സ്വാഗതവും എം ജി അജയൻ നന്ദിയും പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട മുന്നൂറിലധികം ചാരായ വ്യവസായ തൊഴിലാളികൾ കൺവൻഷനിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top