Deshabhimani

മാലിന്യമല്ല,നിറയുന്നു നാടിന്റെ സന്തോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 03:41 AM | 0 min read


പള്ളുരുത്തി
പള്ളുരുത്തിയുടെ സ്വന്തം പാർക്കിൽ കുട്ടികളുടെ കളിചിരികൾ തിരിച്ചെത്തി. സൗഹൃദങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങളുടെ ആരവങ്ങൾ വീണ്ടും ഉയരുകയാണിവിടെ. മുഖംതിരിക്കുന്ന, മൂക്ക്‌ പൊത്തേണ്ടിവരുന്ന ആ പഴയ കാഴ്‌ചകൾ ഇന്നിവിടെയില്ല. പള്ളുരുത്തി കടേഭാഗം പാർക്കാണ്‌ പണ്ഡിറ്റ്‌ കറുപ്പൻ സ്‌ക്വയർ എന്നപേരിൽ നവീകരിച്ച്‌ ജനങ്ങൾക്കായി തുറന്നത്‌.

മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിനൊപ്പം കടേഭാഗം കൗൺസിലറും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ വി എ ശ്രീജിത്തും നാട്ടുകാരും ഒത്തുചേർന്നപ്പോൾ നാടിന്‌ ലഭിച്ചത്‌ പുതുമോടിയിൽ ഗംഭീരമായ പാർക്ക്‌. ലൈബ്രറി കെട്ടിടം, ഓപ്പൺ ജിം, സ്റ്റേജ്, കുട്ടികളുടെ കളി ഉപകരണങ്ങൾ, കാമറകൾ, ലൈറ്റുകൾ, ചെടികൾ ഉൾപ്പെടെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കോർപറേഷന്റെ ജനകീയാസൂത്രണ പദ്ധതിയിൽ  35 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് പുനർനിർമിച്ചത്.  രാവിലെയും വൈകിട്ടും വ്യായാമം ചെയ്യാനും വിശ്രമിക്കാനും നിരവധിപേരാണ് എത്തുന്നത്. കളിക്കാനായി കുട്ടിപ്പട്ടാളവും സ്ഥിരം ഹാജരുണ്ട്‌.

കോർപറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2015ൽ വി എ ശ്രീജിത് കൗൺസിലറായിരിക്കുമ്പോഴാണ്‌ പാർക്കിന്റെ ആദ്യഘട്ടം തുടങ്ങിയത്. പിന്നീട്‌ യുഡിഎഫ് കൗൺസിലർ വന്നതോടെ സമയബന്ധിതമായി നവീകരണം നടത്തിയില്ല. ഇതോടെ മാലിന്യംനിറഞ്ഞും കാടുകയറിയും ശോച്യാവസ്ഥയിലായി. വീണ്ടും ശ്രീജിത് കൗൺസിലറായതോടെ നവീകരണത്തിന്‌ മുൻകൈയെടുത്തു. മേയർ എം അനിൽകുമാറാണ് പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ലൈബ്രറി കമ്മിറ്റിയും പാർക്കിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ച് പള്ളുരുത്തിയുടെ സാംസ്കാരിക പ്രവർത്തനത്തിന് ശക്തിപകരാൻ പാർക്കിന്റെ പ്രവർത്തനത്തിലൂടെ കഴിയുമെന്ന്‌- വി എ ശ്രീജിത് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home