ആലുവ ആർഎംഎസ് ഓഫീസ് പൂട്ടി ; തപാൽ ഉരുപ്പടികളുടെ വിതരണം വൈകും
കൊച്ചി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആലുവ ആർഎംഎസ് ഓഫീസ് പൂട്ടി അധികൃതർ. തരംതിരിച്ച് കൊച്ചിയിലേക്കും അങ്കമാലിയിലേക്കും മാറ്റിയ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നതിലും ഭാവിയിൽ തപാൽ ലഭിക്കുന്നതിലും ഇത് കാലതാമസത്തിന് ഇടയാക്കും.രജിസ്‌ട്രേഡ് പോസ്‌റ്റുകളും അൺ രജിസ്‌ട്രേഡ് പോസ്‌റ്റുകളും കൊച്ചിയിലേക്കും പോസ്‌റ്റ് ഓഫീസിലേക്ക് ബാഗുകൾ അയക്കുന്ന സംവിധാനം അങ്കമാലിയിലേക്കുമാണ് മാറ്റിയത്. ഇതുമൂലം ചുരുങ്ങിയത് ഒരുദിവസത്തെയെങ്കിലും കാലതാമസം മെയിൽ വിതരണത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. താൽക്കാലിക സംവിധാനം ഏർപ്പെടുത്തി അങ്കമാലി തപാൽ ഓഫീസിലേക്ക് മാറ്റിയ തപാൽ ഉരുപ്പടികൾ കുന്നുകൂടിയതിനാൽ വിതരണം താറുമാറായിരിക്കുകയാണ്.
സ്‌പീഡ് പോസ്റ്റ് ഹബ്ബും രജിസ്‌ട്രേഡ് പോസ്റ്റ് സെന്ററും സംയോജിപ്പിക്കാനായി കഴിഞ്ഞ ഒക്ടോബർ 17നാണ് തപാൽവകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതിന്റെ മറവിലാണ് പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനമുണ്ടായിരുന്ന ആലുവ ഓഫീസ് പൂട്ടിയത്. കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂർ താലൂക്കുകളിലെ ജനങ്ങൾക്ക് സമയബന്ധിതമായി തപാൽ ഉരുപ്പടികൾ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന സ്ഥാപനമായിരുന്നു ആലുവയിലെ ആർഎംഎസ്. ട്രെയിനുകളിൽ എത്തിച്ചിരുന്ന തപാൽ ബാഗുകൾ ഇപ്പോൾ റോഡ് മാർഗമാണ് എത്തിക്കുന്നത്. ഇതും കാലതാമസത്തിന് ഇടയാക്കുന്നു. ആലുവ ഓഫീസിൽ 57 സ്ഥിരം ജീവനക്കാരും 13 താൽക്കാലിക ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. താൽക്കാലിക ജീവനക്കാരുടെ ജോലി പൂർണമായും ഇല്ലാതായി. 57 സ്ഥിരംജീവനക്കാരിൽ 55 പേരെ എറണാകുളത്തേക്കും രണ്ടുപേരെ തൊടുപുഴയിലേക്കും മാറ്റി.
ഡയറക്ടറേറ്റിൽനിന്നുള്ള ഉത്തരവുപ്രകാരം സ്ഥലപരിമിതിയുള്ള ഓഫീസുകൾ മാറ്റുന്നത് സംബന്ധിച്ച് തൽക്കാലം തൽസ്ഥിതി തുടരാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് വകവയ്ക്കാതെ ഓഫീസ് പൂട്ടുന്ന നടപടികളുമായി കൊച്ചി റീജണൽ അഡ്മിനിസ്ട്രേഷൻ മുന്നോട്ടുപോകുകയായിരുന്നു.
0 comments