Deshabhimani

ഒരു സ്ത്രീയും നഗ്നയായി 
ആത്മഹത്യ ചെയ്യില്ലെന്ന്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 02:21 AM | 0 min read



കൊച്ചി
ഇന്ത്യൻ സ്ത്രീകളാരും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും  മൃതദേഹം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയാണെന്നും ഹെെക്കോടതി.  യുവതിയെ  കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ ജീവപര്യന്തം ശരിവച്ച്  ജസ്‌റ്റിസ് പി ബി സുരേഷ്‌ കുമാറും  ജസ്‌റ്റിസ് സി പ്രദീപ്കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് പരാമർശം.

പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അഴീക്കൽ പുളിക്കൽ ഷമ്മികുമാറിന്റെ ജീവപര്യന്തമാണ്‌ ശരിവച്ചത്. സംശയം ഒരു രോഗമാണെന്നും ചികിത്സിച്ചില്ലെങ്കിൽ ഒരുവനെ അന്ധനാക്കുമെന്നും വൻദുരന്തത്തിലേക്ക് നയിക്കുമെന്നും വിധിന്യായത്തിൽ ഹൈക്കോടതി പറഞ്ഞു.
 മദ്യം നൽകി മയക്കിയശേഷം ഷമ്മികുമാർ ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ്  പൊലീസ് കേസ്. അതേസമയം, ഷമ്മികുമാറിനും മൂന്നാംപ്രതി അമ്മ പത്മാവതിക്കുമെതിരായ ഗാർഹിക പീഡനക്കുറ്റം ഇരുവരും സമർപ്പിച്ച അപ്പീൽ പരിഗണിച്ച്‌ കോടതി ഒഴിവാക്കി. അമ്മയെ വെറുതേവിട്ടു. 

2010 ജനുവരി 22നാണ് ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ  യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മൃതദേഹം നഗ്നമായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നു. സംഭവത്തെ തുടർന്ന് കുഞ്ഞുമായി ഷമ്മികുമാർ കടന്നതിലടക്കം സാഹചര്യ സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോ‌ർട്ട്.  എന്നാൽ, ഇന്ത്യയിൽ ഒരു സ്‌ത്രീയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് പൊലീസ് സർജൻ ബോധിപ്പിച്ച കാര്യം കോടതി ഗൗരവത്തിലെടുത്തു. ‘‘മാസം 30 തൂങ്ങിമരണങ്ങളിലെങ്കിലും പോസ്റ്റ്‌മോർട്ടം നടത്താറുണ്ട്. ഒരു സ്ത്രീപോലും നഗ്നയായി ജീവനൊടുക്കിയത് 33 വർഷത്തെ സേവനകാലത്തിനിടെ കണ്ടിട്ടില്ലെന്നും’’ പൊലീസ്‌ സർജൻ  അറിയിച്ചു. സാഹചര്യത്തെളിവുകൾകൂടി പരിഗണിച്ചാണ് കൊലപാതകമെന്ന്‌ സ്ഥിരീകരിച്ചത്‌.  തലശേരി പ്രത്യേക കോടതിയാണ്‌ ജീവപര്യന്തം വിധിച്ചത്‌.

യുഎഇയിൽ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ്‌ കേസിൽ പറയുന്നത്‌ . സ്ത്രീധനത്തിനായി ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി യുവതി പരാതി നൽകിയതിലും  വിരോധമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസംമുമ്പ്‌ ആരുമറിയാതെ നാട്ടിലെത്തിയ ഷമ്മികുമാർ  ഭാര്യയെയും  ഇളയമകളെയും ലോഡ്ജിൽ എത്തിച്ചാണ്‌ കൃത്യം നടത്തിയത്‌. കുഞ്ഞിനെ രാത്രിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ച് ഗൾഫിലേക്ക് കടക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home