06 August Thursday

കുട്ടനാട്ടിലെ കൈനകരി, കനച്ചേരി പാലം നിർമാണത്തിന്‌ 55 കോടി അനുവദിച്ചു; എസി റോഡിൽ 8 കി.മീ വരെ ഫ്ലൈഓവർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

തിരുവനന്തപുരം > കുട്ടനാട്ടിലെ ചാലോചിറയില്‍ കൈനകരി പാലം നിര്‍മ്മാണത്തിന് 3035 ലക്ഷത്തിന്റേയും, പനയ്ക്കല്‍ തോടിനു കുറുകെ കനച്ചേരി പാലം നിര്‍മ്മാണത്തിന് 2478 ലക്ഷത്തിന്റേയും ഭരണാനുമതി നല്‍കുന്നതിന് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടു. പിണറായി സര്‍ക്കാരില്‍ ജി സുധാകരന്‍ മന്ത്രിയായ ശേഷം കുട്ടനാട്ടില്‍ അനുവദിച്ച 12 വലിയ പാലങ്ങളില്‍ പെട്ടതാണ് ഈ പാലങ്ങളും.

ഏതാണ്ട് 600 കോടി രൂപയാണ് ഈ പാലങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിലും സര്‍ക്കാര്‍ അനുവദിച്ചത്. കഞ്ഞിപ്പാടം വൈശ്യഭാഗം പാലവും, ചമ്പക്കുളം പാലവും, കനാല്‍ജെട്ടി പാലവും പൂര്‍ത്തീകരിച്ചു. മുണ്ടക്കല്‍ പാലത്തിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. പടഹാരം പാലം, നാലുചിറ പാലം, പള്ളാത്തുരുത്തി പാലം, കൈനകരി പാലം, മാങ്കൊമ്പു പാലം തുടങ്ങിയവയാണ് മറ്റ് പ്രധാന പാലങ്ങള്‍. ചാലോചിറ കൈനകരി പാലത്തിന്റെയും, കനച്ചേരി പാലത്തിന്റേയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടനെ തന്നെ നിര്‍മ്മാണത്തിലേക്ക് പോകാന്‍ സാധിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

2018 ലേയും, 2019 ലേയും പ്രളയത്തില്‍ തകര്‍ന്ന കുട്ടനാട്ടിലെ ഗതാഗത പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. ധനകാര്യവകുപ്പ് മന്ത്രി തോമസ്ഐസക്കിന്റെ പൂര്‍ണ്ണ പിന്തുണ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വകുപ്പിന് ലഭിക്കുന്നുണ്ട്. തോമസ് ചാണ്ടി എംഎല്‍എയുടെ സഹായത്തോടെ പല നിര്‍മ്മാണ തടസ്സങ്ങളും പരിഹരിച്ചുകൊണ്ടാണ് വകുപ്പ് മുന്നോട്ടു പോകുന്നത്. തകഴി അടക്കമുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജി സുധാകരന്‍ മന്ത്രിയായിരിക്കുമ്പോഴാണ് തകഴി പാലം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിച്ചതും, അമ്പലപ്പുഴ-തിരുവല്ല റോഡ് ലോകനിലവാരത്തില്‍ നിര്‍മ്മിച്ചതും ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ മികച്ച നേട്ടങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യ പ്രകാരം 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പുഴþചങ്ങനാശേരി റോഡ് ഏതു പ്രളയത്തേയും അതിജീവിക്കും വിധം നവകേരള നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തി 400-500 കോടി രൂപ അടങ്കലില്‍ പുനര്‍നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. 3 മാസം നീണ്ട 70 മീറ്റര്‍ താഴ്ചവരെയുള്ള മണ്ണ് പരിശോധന അടക്കമുള്ള വിശദവും വിദഗ്ധവുമായ പഠനങ്ങള്‍ക്ക് ശേഷം പഠനം നടത്തിയ ഏജന്‍സി വിശദമായ റിപ്പോര്‍ട്ട് പദ്ധതി ഡിസൈന്‍ ചെയ്യുന്നതിനായി സമര്‍പ്പിച്ചു കഴിഞ്ഞു. 8 കിലോമീറ്റര്‍ വരെ ഫ്ളൈഓവര്‍ നിര്‍മ്മിക്കാമെന്നാണ് ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ ഒരിഞ്ച് നെല്‍വയലോ, കായലോ നികത്താതെയും, ഒരു കനാല്‍ പോലും മൂടാതെയുമാണ് ഈ റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ പദ്ധതിയുടെ രൂപകല്‍പ്പന അന്തിമ ഘട്ടത്തിലാണെന്നും, രൂപകല്‍പ്പനയുടേയും, പ്രൊജക്ട് റിപ്പോര്‍ട്ടിന്റേയും ഡ്രാഫ്റ്റ് ഈ ആഴ്ച തന്നെ പൊതുമരാമത്ത് ഡിസൈന്‍ ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് അറിയിച്ചുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top