കൊച്ചി/തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട 250 മത്സ്യത്തൊഴിലാളികള്‍കൂടി തിരിച്ചെത്തി. കൊച്ചിയില്‍നിന്ന് പുറപ്പെട്ട് കാറ്റിലകപ്പെട്ട് ലക്ഷദ്വീപ് തീരത്ത് എത്തിയ 22 ബോട്ടുകളിലുണ്ടായിരുന്നവരാണ് ഞായറാഴ്ച കൊച്ചിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ സംസ്ഥാനത്ത് മരിച്ചവര്‍ 43 ആയി. ഇതില്‍ 11 പേരെ തിരിച്ചറിയാനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
കേരളത്തില്‍നിന്ന് 41 പേരും തമിഴ്നാട്ടില്‍നിന്ന് 189 പേരും ആസാം സ്വദേശികളായ 14 പേരും ഒറീസയില്‍നിന്ന് അഞ്ചു പേരും ആന്ധ്രയില്‍നിന്നുള്ള ഒരു തൊഴിലാളിയുമാണ് കൊച്ചിയില്‍ എത്തിയത്. പ്രാഥമികചികിത്സ നല്‍കിയശേഷം എല്ലാവരെയും സ്വദേശങ്ങളിലേക്ക് അയച്ചു.
തീര സംരക്ഷണസേനയാണ് കടലില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിഴിഞ്ഞത്തുനിന്ന് 277 കിലോമീറ്റര്‍ അകലെയും കൊച്ചിയില്‍നിന്ന് 37 കിലോമീറ്റര്‍ അകലെയുമാണ് മൃതദേഹങ്ങള്‍ കണ്ടത്. തിരിച്ചറിഞ്ഞിട്ടില്ല.
ശക്തമായ കാറ്റിലും മഴയിലുംപെട്ട് ദുരിതമനുഭവിക്കുന്നതിനിടെ നാവികസേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോട്ടുകള്‍ ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളില്‍ അടുപ്പിച്ചതെന്ന് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിലെത്തിയ തൊഴിലാളികള്‍ പറഞ്ഞു.
പരിക്കേറ്റ തൊഴിലാളികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിലെത്തിയ ആകാശ് എന്ന ബോട്ടിലെ തൊഴിലാളികള്‍ പറഞ്ഞതനുസരിച്ച്, കടലില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തെരച്ചിലിന് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ കപ്പല്‍ പുറപ്പെട്ടു. കപ്പലില്‍ മത്സ്യത്തൊഴിലാളികളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..