06 December Friday

പൊലീസ്‌ നിയമനം: മെമ്മോ 21നും 22 നും ; പിഎസ്‌സി നിയമന നടപടി തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


തിരുവനന്തപുരം
സിവിൽ പൊലീസ്‌ ഓഫീസർ  റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ പിഎസ്‌സി നിയമന നടപടി തുടങ്ങുന്നു.   21, 22 തീയതികളിൽ  ജില്ലാ ഓഫീസുകളിൽനിന്ന്‌ ഉദ്യോഗാർഥികൾക്ക് അഡ്വൈസ്‌ മെമ്മോ നേരിട്ട് നൽകാൻ തിങ്കളാഴ്‌ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചു. ആറു റാങ്ക്‌ ലിസ്‌റ്റിൽനിന്നാണ്‌ നിയമനം. 2782 ഒഴിവാണ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌.

കെഎപി നാലാം ബറ്റാലിയൻ കാസർകോട്‌ യൂണിറ്റിന്റെ പരീക്ഷയിലെ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനാലാണ്‌ നിയമനം വൈകിയത്‌. കേസ്‌ അന്വേഷിക്കുന്ന  ക്രൈംബ്രാഞ്ച് നൽകിയ ഇടക്കാല  റിപ്പോർട്ട്‌ പരിശോധിച്ചാണ്‌ നിയമന നടപടി തുടങ്ങാൻ തീരുമാനിച്ചത്‌. കേസിലെ പ്രതികളായ ഉദ്യോഗാർഥികളെ ഒഴിവാക്കി നാലാം ബറ്റാലിയനിലേക്കും മറ്റ്‌  ബറ്റാലിയനുകളിലേക്കും നിയമനശുപാർശ നൽകുന്നതിന്‌ തടസ്സമില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ചിന്റെ നിർദേശങ്ങൾ പലതും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന്‌ പിഎസ്‌സി യോഗം വിലയിരുത്തി. ഓൺലൈൻ പരീക്ഷയ്‌ക്ക്‌ പതിനായിരത്തോളം സീറ്റ്‌ ഇപ്പോൾ സജ്ജമാണ്‌.

ജാമറും സിസിടിവിയും  ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങൾ  പ്രായോഗികമല്ലെന്നും ഭാരിച്ച ചെലവ്‌ ഉണ്ടാക്കുന്നതാണെന്നും അഭിപ്രായമുയർന്നു. യുപിഎസ്‌സി പരീക്ഷയ്‌ക്കുപോലും ജാമർ ഉപയോഗിക്കുന്നില്ല.


പ്രധാന വാർത്തകൾ
 Top